താമസസ്ഥലത്ത് നിന്നും രണ്ടു ദിവസം മുന്‍പ് കാണാതായ മലയാളി വ്യവസായിയെ അബുദാബിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തലസ്ഥാന നഗരിയില്‍ റിഷീസ് ഹൈപ്പര്‍ മാര്‍ക്കറ്റും റസ്റ്ററന്റും നടത്തുന്ന കണ്ണൂര്‍ പാപ്പിനിശ്ശേരി പൂവങ്കുളംതോട്ടം പുതിയ പുരയില്‍ സുല്‍ഫാഉല്‍ ഹഖ് റിയാസാ(55)ണ് മരിച്ചത്.
സുല്‍ഫാഉല്‍ ഹഖ് സാമ്പത്തിക പ്രതിസന്ധികാരണം ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു. വര്‍ഷങ്ങളായി യുഎഇയില്‍ വ്യവസായം നടത്തുന്ന സുല്‍ഫാഉല്‍ ഹഖ് റിയാസ് നല്ല നിലയില്‍ ജീവിച്ചുവരികയായിരുന്നു. കുടുംബവും അബുദാബിയിലാണ്.
അബുദാബി നഗരത്തില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് വിജയകരമായി നടത്തിവരുന്നതിനിടെയാണ് അടുത്തിടെ ഖാലിദിയയില്‍ പുതിയ റസ്റ്ററന്റ് തുറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇതേ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലാവുകയും രണ്ട് ദിവസം മുന്‍പ് വീട് വിട്ടിറങ്ങുകയുമായിരുന്നു.
പിന്നീട് യാതൊരു വിവരവുമില്ലാത്തതിനെ തുടര്‍ന്ന് ഭാര്യ ഇന്നലെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അല്‍ ജസീറ ക്ലബിനടുത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്ദുല്‍ റഹ്മാന്‍ പൊതിരകത്ത്പിടിപി ഷാഹിദ ദമ്പതികളുടെ മകനാണ്. ഷീബ റിയാസാണ് ഭാര്യ. മക്കള്‍:റിഷിന്‍ റിയാസ്, റിഷിക റിയാസ്.