വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിക്ക് ആകെയുള്ളത് 20.4 കോടി രൂപയുടെ സ്വത്തുക്കള്‍. 55,000 രൂപയാണ് രാഹുല്‍ ഗാന്ധിയുടെ കൈവശമുള്ളത്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി ആകെ 26,25,157 രൂപയുടെ നിക്ഷേപമുണ്ട്. ഇന്നലെ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. അയോഗ്യത കേസടക്കം രാഹുലിനെതിരെ 18 ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഇന്നലെയാണ് രാഹുല്‍ ഗാന്ധി ആദ്യമായി വയനാട്ടില്‍ എത്തിയത്. കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച റോഡ് ഷോ ഒരു മണിക്കൂറിലേറെ നീണ്ടു നിന്നു. വന്‍ ജനപങ്കാളിത്തമുള്ള റോഡ് ഷോയ്ക്ക് ശേഷമാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധി ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ അടക്കമുള്ളവരും രാഹുല്‍ ഗാന്ധിയോടോപ്പം റോഡ് ഷോയില്‍ പങ്കെടുത്തു.
മൂന്ന് സെറ്റ് പത്രികയാണ് ജില്ലാ കളക്ടര്‍ രേണുരാജിന് മുമ്പാകെ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ചത്. ഇനി പതിനഞ്ചാം തീയതി ആയിരിക്കും രാഹുല്‍ മണ്ഡലത്തില്‍ തിരിച്ചെത്തുക. അതിനുശേഷം ഏഴ് ദിവസം മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി സജീവമാകും.