രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ കോണ്‍ഗ്രസിന്റെ പതാക എവിടെയും കണ്ടില്ല, സ്വന്തം പാര്‍ട്ടി പതാക ഉയര്‍ത്താനുള്ള ആര്‍ജ്ജവം ഇല്ലാത്തത് എന്തുകൊണ്ടാണ്? ; പിണറായി വിജയന്‍

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ കോണ്‍ഗ്രസിന്റെ പതാക എവിടെയും കണ്ടില്ല, സ്വന്തം പാര്‍ട്ടി പതാക ഉയര്‍ത്താനുള്ള ആര്‍ജ്ജവം ഇല്ലാത്തത് എന്തുകൊണ്ടാണ്? ; പിണറായി വിജയന്‍
സ്വന്തം പാര്‍ട്ടിപതാക ഉയര്‍ത്താന്‍ കഴിവില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ കോണ്‍ഗ്രസിന്റെ പതാക എവിടെയും കണ്ടില്ല. വിവാദം കാരണമാണ് പതാക ഒഴിവാക്കിയതെന്നാണ് വാര്‍ത്ത. ഇത് ഭീരുത്വമല്ലേ എന്നും പിണറായി ചോദിച്ചു. സ്വന്തം പാര്‍ട്ടി പതാക ഉയര്‍ത്താനുള്ള ആര്‍ജ്ജവം ഇല്ലാത്തത് എന്തുകൊണ്ടാണ്? ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആ പതാകയുടെ ചരിത്രം അറിയില്ല. നിര്‍ണായക ഘട്ടത്തില്‍ ബിജെപിയെ ഭയന്ന് പതാക ഒളിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ലീഗിന്റെ വോട്ട് വേണം, പക്ഷേ അവരുടെ പതാക പാടില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടാണ്. അദ്ദേഹം ആ പാര്‍ട്ടിയുടെ ദേശീയ നേതാവുമാണ്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ വയനാട്ടില്‍ എത്തിയിട്ടും എന്തുകൊണ്ട് കോണ്‍ഗ്രസ് പതാക അവര്‍ ഉയര്‍ത്തിയില്ല. കഴിഞ്ഞ തവണ വിവാദം ഉണ്ടായത് കൊണ്ടാണ് മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പതാക ഒഴിവാക്കിയതെന്നാണ് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. പതാക ഒഴിവാക്കിയത് ഭീരുത്വം കാരണമാണ്. മുസ്ലിം ലീഗിന്റെ പതാക ഉയര്‍ത്താതിരിക്കാന്‍ സ്വന്തം പാര്‍ട്ടിയുടെ പതാകയ്ക്ക് പോലും അയിത്തം കല്‍പ്പിക്കുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ് എത്തി.' മുഖ്യമന്ത്രി പറഞ്ഞു.

രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ ഭരണഘടനാ ഭേദഗതി ചെയ്യുമെന്നാണ് ബിജെപി നിലപാട്. ത്രിവര്‍ണ പതാക കോണ്‍ഗ്രസ് ഉപേക്ഷിക്കണമെന്ന സംഘപരിവാര്‍ ആവശ്യത്തിന് വഴങ്ങുകയാണോ? സ്വന്തം അസ്തിത്വം പണയം വെക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമാണ് ജനവികാരം. അത് ഏതെങ്കിലും പ്രദേശത്ത് ഒതുങ്ങി നില്‍ക്കുന്നതല്ല. ജനങ്ങള്‍ എല്‍ഡിഎഫില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Other News in this category



4malayalees Recommends