ബ്രിട്ടനിലെ ഭവനവിപണിയില്‍ വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണം അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍. ഇതോടെ വീടുകളുടെ വില താഴുമോയെന്ന ചോദ്യമാണ് വ്യാപകമായി ഉയരുന്നത്. ഒരു വര്‍ഷത്തെ മുന്‍പത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വിപണിയില്‍ 20 ശതമാനം അധികം വീടുകളുണ്ടെന്നാണ് പ്രോപ്പര്‍ട്ടി പോര്‍ട്ടലായ സൂപ്ല വ്യക്തമാക്കുന്നത്.
വിപണിയിലേക്ക് വീടുകള്‍ ഒഴുകുന്നതില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളതായി സൂപ്ല പറയുന്നു. 2022 വര്‍ഷത്തില്‍ ലഭ്യമായതിന്റെ ഇരട്ടി വീടുകളാണ് ഇപ്പോള്‍ വില്‍പ്പനയ്ക്കായി വെച്ചിട്ടുള്ളത്. അതേസമയം കൂടുതല്‍ വീടുകള്‍ വിപണിയിലേക്ക് എത്തുമ്പോഴും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വീണ്ടും ഉയര്‍ന്ന് തുടങ്ങിയത് വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ പദ്ധതി മാറ്റാന്‍ പ്രേരിപ്പിക്കുകയാണ്.
ഡിമാന്‍ഡിനെ മറികടന്ന് വീടുകളുടെ സപ്ലൈ വര്‍ദ്ധിക്കുന്നതോടെ ചില മേഖലകളില്‍ വില കുറയാന്‍ കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 'കുറയുന്ന പലിശ നിരക്കുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുന്നില്ല, എന്നാല്‍ വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണം അനുഗ്രഹമാകുന്നു. വീട് വാങ്ങാന്‍ മോഹിക്കുന്നവരെ സംബന്ധിച്ച് തെരഞ്ഞെടുക്കാന്‍ കൂടുതല്‍ വീടുകള്‍ ലഭ്യമാണ്', എസ്‌റ്റേറ്റ് ഏജന്റുമാര്‍ പറയുന്നു.
വര്‍ഷത്തിന്റെ തുടക്കത്തില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയാതെ വീട് വില കുറയാന്‍ പോകുന്നില്ലെന്നായിരുന്നു അനുമാനം. എന്നാല്‍ ഫെബ്രുവരി മുതല്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വീണ്ടും വര്‍ദ്ധിക്കാന്‍ തുടങ്ങി. പലിശ നിരക്ക് കുറയ്ക്കല്‍ പ്രതീക്ഷിച്ചതിലും കാലതാമസം നേരിടുമെന്നാണ് സാമ്പത്തിക വിപണികളുടെ നിലപാട്.