രോഗം ബാധിച്ചാലും പണിയെടുക്കുന്ന നഴ്‌സുമാര്‍; ഇംഗ്ലണ്ടിലെ പത്തില്‍ ഒന്‍പത് നഴ്‌സുമാരും രോഗങ്ങള്‍ അലട്ടുമ്പോഴും ജോലി ചെയ്യുന്നു; റൊട്ടേഷനില്‍ ആളില്ലാത്തതിനാല്‍ സ്വന്തം ആരോഗ്യം പോലും ത്യജിക്കുന്നുവെന്ന് ആര്‍സിഎന്‍

രോഗം ബാധിച്ചാലും പണിയെടുക്കുന്ന നഴ്‌സുമാര്‍; ഇംഗ്ലണ്ടിലെ പത്തില്‍ ഒന്‍പത് നഴ്‌സുമാരും രോഗങ്ങള്‍ അലട്ടുമ്പോഴും ജോലി ചെയ്യുന്നു; റൊട്ടേഷനില്‍ ആളില്ലാത്തതിനാല്‍ സ്വന്തം ആരോഗ്യം പോലും ത്യജിക്കുന്നുവെന്ന് ആര്‍സിഎന്‍
സ്വന്തം ആരോഗ്യം പോലും പരിഗണിക്കാതെ എന്‍എച്ച്എസിലെ ജീവനക്കാരുടെ ക്ഷാമത്തിനിടെ നഴ്‌സുമാര്‍ പണിയെടുക്കുന്നതായി സര്‍വ്വെ. പത്തില്‍ ഒന്‍പത് നഴ്‌സുമാരും രോഗം ബാധിച്ചാലും ജോലിക്ക് എത്തുന്നതായാണ് കണ്ടെത്തല്‍. ഇതോടെ എന്‍എച്ച്എസിനെ സാരമായി ബാധിച്ച ജീവനക്കാരുടെ ക്ഷാമം മൂലം നേരിടുന്ന പ്രതിസന്ധിയാണ് വെളിവാകുന്നത്.

സമ്മര്‍ദം, പുറംവേദന, ജലദോഷം, ആകാംക്ഷാ, വിഷാദ പ്രശ്‌നങ്ങള്‍ എന്നിവ നേരിട്ടാലും കഴിഞ്ഞ വര്‍ഷം 85% നഴ്‌സുമാരും ഇത് അവഗണിച്ച് ഒരു ഷിഫ്റ്റിനെങ്കിലും എത്തിയിട്ടുണ്ട്. 46% ശതമാനം പേര്‍ രണ്ട് മുതല്‍ അഞ്ച് തവണ വരെ ഇത് ചെയ്തപ്പോള്‍, അഞ്ചിലൊന്ന് പേരും അഞ്ചിലേറെ തവണ സ്വന്തം രോഗാവസ്ഥ അവഗണിക്കാന്‍ നിര്‍ബന്ധിതരായെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് നടത്തിയ സര്‍വ്വെയില്‍ കണ്ടെത്തി.

രോഗബാധിതരായ സമയത്ത് ജോലി ചെയ്യുന്ന നഴ്‌സുമാരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 85% പേരാണ് ഇത് ചെയ്തത്, 2021-ല്‍ ഇത് 77 ശതമാനമായിരുന്നു. റൊട്ടേഷനില്‍ ആളില്ലാത്ത അവസ്ഥ വരുമ്പോഴാണ് സഹായമെന്ന നിലയില്‍ നഴ്‌സുമാര്‍ ഷിഫ്റ്റിന് കയറാന്‍ നിര്‍ബന്ധിതരാകുന്നത്. രോഗികള്‍ക്ക് മെച്ചപ്പെട്ട പരിചരണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ചെയ്യുന്നതെന്ന് ആര്‍സിഎന്‍ പറഞ്ഞു.

രോഗികള്‍ക്കായി സ്വന്തം ആരോഗ്യം ത്യജിക്കുകയാണ് നഴ്‌സുമാര്‍ ചെയ്യുന്നതെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളെന്‍ പറഞ്ഞു. നഴ്‌സിംഗ് പ്രൊഫഷണില്‍ ഉള്ളവര്‍ അസംതൃപ്തരും, അമിതജോലി ചെയ്ത് സമ്മര്‍ദം നേരിട്ട അവസ്ഥയിലും, ശമ്പളവിഷയത്തില്‍ രോഷാകുലരുമാണെന്ന് ആര്‍സിഎന്‍ സര്‍വ്വെ ചൂണ്ടിക്കാണിച്ചു.

71 ശതമാനം പേരാണ് സമ്മര്‍ദം അമിതമാണെന്ന് വ്യക്തമാക്കിയത്. 66 ശതമാനം പേര്‍ തിരക്ക് മൂലം രോഗികള്‍ക്ക് പര്യാപ്തമായ പരിചരണം നല്‍കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞു. 41 ശതമാനം പേരാണ് രാജിവെയ്ക്കാന്‍ ആലോചിക്കുന്നതായും, 21% പേര്‍ നഴ്‌സായി മാറിയതില്‍ ഖേദമുള്ളവരുമാണ്. ഇംഗ്ലണ്ട് എന്‍എച്ച്എസില്‍ 34,709 നഴ്‌സുമാരുടെ കുറവുണ്ടെന്നാണ് കണക്ക്.

Other News in this category



4malayalees Recommends