കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും അവരുടെ രാജ്യസഭാ സീറ്റുകള്‍ മുസ്ലിങ്ങള്‍ക്ക് വീതംവെച്ചുവെന്ന വെള്ളാപ്പള്ളിയുടെ വാദം ശുദ്ധകള്ളം ; വെള്ളാപ്പള്ളി ആര്‍എസ്എസിന് ഒളിസേവ ചെയ്യുന്നുവെന്ന് സുപ്രഭാതം എഡിറ്റോറിയല്‍

കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും അവരുടെ രാജ്യസഭാ സീറ്റുകള്‍ മുസ്ലിങ്ങള്‍ക്ക് വീതംവെച്ചുവെന്ന വെള്ളാപ്പള്ളിയുടെ വാദം ശുദ്ധകള്ളം ; വെള്ളാപ്പള്ളി ആര്‍എസ്എസിന് ഒളിസേവ ചെയ്യുന്നുവെന്ന് സുപ്രഭാതം എഡിറ്റോറിയല്‍
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രഭാതം ദിനപത്രം എഡിറ്റോറിയല്‍. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും അവരുടെ രാജ്യസഭാ സീറ്റുകള്‍ മുസ്ലിങ്ങള്‍ക്ക് വീതംവെച്ചുവെന്ന വെള്ളാപ്പള്ളിയുടെ വാദം ശുദ്ധകള്ളമാണ്. ഈഴവര്‍ക്ക് അവകാശപ്പെട്ട പദവികളോ അവസരങ്ങളോ മുസ്ലിങ്ങള്‍ തട്ടിയെടുത്തെന്ന പറച്ചിലില്‍ വല്ല വാസ്തവവുമുണ്ടെങ്കില്‍ വെള്ളാപ്പള്ളി തെളിയിക്കണമെന്നും സുപ്രഭാതം എഡിറ്റോറിയലില്‍ പറയുന്നു.

ജനസംഖ്യാനുപാതം നോക്കിയാല്‍ പോലും ഇക്കാലമത്രയും ഈഴവരെ പോലെ മുസ്ലിങ്ങളും വിവേചനം നേരിടുകയാണ്. ഈ മന്ത്രിസഭയിലെ പകുതിയോളം പേര്‍ സവര്‍ണ സമുദായത്തില്‍ നിന്നായിട്ടും അതില്‍ വെള്ളാപ്പള്ളിക്ക് പ്രശ്‌നമില്ല. ആര്‍എസ്എസിന് ഒളിസേവ ചെയ്യുകയാണ് വെള്ളാപ്പള്ളി. മൈക്രോ ഫിനാന്‍സ് ഉള്‍പ്പെടെയുള്ള വന്‍തട്ടിപ്പു കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട ഒരാള്‍ ആരുടെ പിന്‍ബലത്തിലാണ് പുറത്തിറങ്ങി നടക്കുന്നതെന്ന ചോദ്യവും സുപ്രഭാതം ഉയര്‍ത്തുന്നു.

എഡിറ്റോറിയലില്‍ സംസ്ഥാന സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെയും വിമര്‍ശനമുണ്ട്. ഇത്രമേല്‍ അപരമത വിദ്വഷേം പടര്‍ത്തുന്ന ഒരാള്‍ എങ്ങനെയാണ് നവോഥാന സമിതി ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നത്? വെള്ളാപ്പള്ളിയുടെ കള്ളങ്ങള്‍ സംസ്ഥാന സര്‍ക്കാരും കേട്ടില്ലെന്നു നടിക്കുകയാണ്. വോട്ടു ബാങ്ക് ഭയന്നാണ് ഈ മിണ്ടാട്ടമില്ലായ്മയെങ്കില്‍ കേരളത്തിലെ 90 ശതമാനം ഈഴവരും എസ്എന്‍ഡിപിയുടെ തിട്ടൂരത്തിന് ചെവികൊടുക്കുന്നവരല്ലെന്ന് ഇടതുപക്ഷ സര്‍ക്കാരും ഒപ്പം യുഡിഎഫ് നേതൃത്വവും മനസിലാക്കണമെന്നും സുപ്രഭാതം എഡിറ്റോറിയല്‍ പറയുന്നു.

പിന്നാക്ക ദളിത് വിഭാഗങ്ങള്‍ ഇടതുപക്ഷത്തില്‍ നിന്നും അകന്നതുകൊണ്ടാണ് തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയതെന്ന് വെള്ളാപ്പള്ളി നടേശന്‍ നേരത്തേ പറഞ്ഞിരുന്നു. മുസ്ലീങ്ങള്‍ക്ക് ചോദിക്കുന്നതെല്ലാം നല്‍കിയെന്നും ഈഴവര്‍ക്ക് ചോദിക്കുന്നത് ഒന്നും തരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നും തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നവര്‍ വൈകുന്നേരം ആവുമ്പോഴേക്കും കാര്യം സാധിച്ച് മടങ്ങുകയാണ്. ഈഴവര്‍ക്ക് നീതി കിട്ടുന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ വന്നാല്‍ അവര്‍ക്ക് സര്‍ക്കാരിലും പാര്‍ട്ടിയിലും ഡബിള്‍ പ്രമോഷനാണ്. ഈഴവര്‍ക്ക് അധികാരത്തിലും പാര്‍ട്ടിയിലും പരിഗണനയില്ലാത്ത സ്ഥിതിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.



Other News in this category



4malayalees Recommends