നീറ്റ് പരീക്ഷാ ക്രമക്കേട്: നടന്നത് ചോദ്യപേപ്പര്‍ വില്‍പ്പന, ലോക്‌സഭയില്‍ ഉത്തരം പറയിപ്പിക്കുമെന്ന് കെ സി വേണുഗോപാല്‍

നീറ്റ് പരീക്ഷാ ക്രമക്കേട്: നടന്നത് ചോദ്യപേപ്പര്‍ വില്‍പ്പന, ലോക്‌സഭയില്‍ ഉത്തരം പറയിപ്പിക്കുമെന്ന് കെ സി വേണുഗോപാല്‍
നീറ്റ് പരീക്ഷാ ക്രമക്കേട് പുറത്തു വന്നതോടെ എല്ലാ സര്‍ക്കാര്‍ പരീക്ഷകളുടെയും വിശ്വാസ്യത തകര്‍ന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ചോദ്യപേപ്പര്‍ വില്‍പ്പനയാണ് നടന്നത്. മാനവ വിഭവശേഷി വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന് ഇതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമുണ്ട്. ഇതിനെല്ലാം കണക്ക് പറഞ്ഞ് മന്ത്രിയെ കൊണ്ട് ലോക്‌സഭയില്‍ ഉത്തരം പറയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പരീക്ഷാ ക്രമക്കേട് തടയാന്‍ പര്യാപ്തമായ അന്വേഷണവും പരിഹാരവും ഉണ്ടാകുന്നത് വരെ സമരം തുടരും. ഇത്രയായിട്ടും പ്രധാനമന്ത്രി മൗനത്തിലാണ്. നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചിട്ടില്ല. തമിഴ്‌നാട് മുഖ്യമന്ത്രി ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന വിഷയമാണ്. പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ആലോചന നടത്തുമെന്നും വേണുഗോപാല്‍ പറഞ്ഞു.

ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം പൂര്‍ണമായി മാറുന്ന തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഇതിന് രാജ്യത്തെ വോട്ടര്‍മാര്‍ക്ക് നന്ദി പറയണം. രാഷ്ട്രീയ പാര്‍ട്ടിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാവുന്ന സാഹചര്യമില്ലായിരുന്നു. മതേതരത്വത്തിനും ജനാധിപത്യത്തിനും ഉണ്ടായിരുന്ന ഭീഷണി വലിയ അളവില്‍ മാറി. എന്നാല്‍ ബിജെപി സര്‍ക്കാര്‍ മാറുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ടി പി വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നത് കേരളം ഒന്നടങ്കം എതിര്‍ക്കേണ്ട പ്രശ്‌നമാണ്. മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണ് ടിപി യുടേത്. ശിക്ഷാ ഇളവ് നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കും. അതിന് വലിയ വില നല്‍കേണ്ടിവരും. പ്രതികള്‍ പരോളിലിറങ്ങി ഉല്ലസിക്കുന്ന ചിത്രങ്ങള്‍ കണ്ടിരുന്നു. ഇതിനാണോ പരോളെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.

Other News in this category



4malayalees Recommends