വിദേശ എംബസിയില്‍ ഏഴ് വര്‍ഷത്തെ വനവാസം; അഞ്ച് വര്‍ഷം ജയിലില്‍; ഒടുവില്‍ ലോകത്തെ ഞെട്ടിച്ച ജൂലിയന്‍ അസാഞ്ച് നാട്ടിലേക്ക് മടങ്ങാന്‍ വഴിതെളിയുന്നു

വിദേശ എംബസിയില്‍ ഏഴ് വര്‍ഷത്തെ വനവാസം; അഞ്ച് വര്‍ഷം ജയിലില്‍; ഒടുവില്‍ ലോകത്തെ ഞെട്ടിച്ച ജൂലിയന്‍ അസാഞ്ച് നാട്ടിലേക്ക് മടങ്ങാന്‍ വഴിതെളിയുന്നു
ജൂലിയന്‍ അസാഞ്ചിനെ പിന്തുണയ്ക്കുന്നവര്‍ക്ക്, അയാള്‍ ഒരു സത്യാന്വേഷിയാണ്. എന്നാല്‍ വിമര്‍ശകര്‍ക്ക് അദ്ദേഹം അപകടകാരിയും. ഇപ്പോഴത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ 2010-ല്‍ 'ഹൈടെക്ക് തീവ്രവാദി' എന്നാണ് അസാഞ്ചിനെ വിശേഷിപ്പിച്ചത്.

കഴിഞ്ഞ രണ്ട് ദശകക്കാലമായി ഓസ്‌ട്രേലിയക്കാരനായ അസാഞ്ച് സുദീര്‍ഘമായ നിയമപോരാട്ടത്തിന് നടുവിലാണ്. ഇതിനെല്ലാം ഒടുവിലാണ് യുഎസ് നീതിന്യായ വകുപ്പ് മുന്‍പാകെ വിക്കിലീക്‌സ് സ്ഥാപകന്‍ ഒരു കുറ്റസമ്മതം നടത്താനുള്ള കരാറില്‍ എത്തിയിരിക്കുന്നത്.

ഏഴ് വര്‍ഷക്കാലം യുകെയിലെ ഇക്വഡോര്‍ എംബസിയിലും, ഇവിടെ നിന്നും പുറത്താക്കിയ ശേഷം ബെല്‍മാര്‍ഷ് ജയിലിലും കഴിഞ്ഞ ശേഷം അസാഞ്ച് ബ്രിട്ടീഷ് മണ്ണ് വിട്ടതായി വിക്കിലീക്‌സ് സ്ഥിരീകരിച്ചു. യുഎസ് മേഖലയായ നോര്‍ത്തേണ്‍ മരിയാന ദ്വീപിലെ ഹിയറിംഗില്‍ അസാഞ്ച് കുറ്റസമ്മതം നടത്തുമെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്.

ഇതോടെ ചാരപ്രവര്‍ത്തനവും, കമ്പ്യൂട്ടര്‍ ദുരുപയോഗവും മുന്‍നിര്‍ത്തി വര്‍ഷങ്ങളായി നീളുന്ന നിയമയുദ്ധത്തിന് അന്ത്യമാകും. യുഎസ് സൈനിക ഫയലുകള്‍ പുറത്തുവിട്ടതോടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയെങ്കിലും ഓസ്‌ട്രേലിയന്‍ സ്ഥാപകനെ ഇതോടെ വേട്ടയാടാന്‍ തുടങ്ങി.

2010 ആഗസ്റ്റില്‍ സ്വീഡിഷ് പ്രോസിക്യൂട്ടര്‍മാര്‍ അസാഞ്ചിന്റെ പേരില്‍ ബലാത്സംഗത്തിനും, പീഡനത്തിനും രണ്ട് അറസ്റ്റ് വാറണ്ടുകള്‍ പുറപ്പെടുവിച്ചു. യുഎസിലേക്ക് നാടുകടത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഇക്വഡോര്‍ ഗവണ്‍മെന്റ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. 2017-ല്‍ സ്വീഡിഷ് അധികൃതര്‍ കേസ് അവസാനിപ്പിച്ചിരുന്നു.

62 മാസക്കാലം ലണ്ടനിലെ അതീവ സുരക്ഷാ ജയിലില്‍ തടവില്‍ കഴിഞ്ഞ ശേഷമാണ് ജൂലിയന്‍ അസാഞ്ച് സ്വതന്ത്രനാകാന്‍ യാത്ര തുടങ്ങുന്നത്. യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ ഇതിനുള്ള വഴിതുറക്കുമെന്നാണ് പ്രതീക്ഷ.

Related News

Other News in this category



4malayalees Recommends