അബുദാബിക്ഷേത്രത്തില്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍ സന്ദര്‍ശനം നടത്തി
യുഎഇ സന്ദര്‍ശനം നടത്തി കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. യുഎഇ വിദേശകാര്യമന്ത്രി അബുദുള്ള ബിന്‍ സയിദ് അല്‍ നഹ്യാനുമായി ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കുന്നതിന് വേണ്ടിയുള്ള ചര്‍ച്ചകളാണ് നടന്നതെന്ന് ജയശങ്കര്‍ വ്യക്തമാക്കി. പ്രാദേശിക വിഷയങ്ങളും അന്താരാഷ്ട്ര വിഷയങ്ങളും ചര്‍ച്ച ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎഇ സന്ദര്‍ശനത്തിനിടെ ഞായറാഴ്ച അബുദാബിയിലെ പ്രശസ്തമായ ബാപ്‌സ് ഹിന്ദു ക്ഷേത്രം ജയശങ്കര്‍ സന്ദര്‍ശിക്കുകയും ചെയ്തു. അല്‍ നഹ്യാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് അബുദാബിയില്‍ പത്താം അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായുള്ള പരിപാടികളിലും അദ്ദേഹം പങ്കെടുത്തു.
'യുഎഇ വിദേശകാര്യ മന്ത്രി അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്രബന്ധവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഗുണകരമായ ചര്‍ച്ചയാണ് നടന്നത്. ആഗോള, പ്രാദേശിക വിഷയങ്ങളില്‍ യുഎഇയുടെ കാഴ്ചപ്പാട് അല്‍ നഹ്യാന്‍ വ്യക്തമാക്കുകയും ചെയ്തു,' ജയശങ്കര്‍ പറഞ്ഞു.