'ജയിലിലടച്ചിട്ടുണ്ട്, പക്ഷെ ഉപദ്രവിച്ചിട്ടില്ല'; ലാലുവിന്റെ 'അടിയന്തരാവസ്ഥ' പരാമര്‍ശം വിവാദത്തില്‍ ; പോസ്റ്റിനെതിരെ ബിജെപി രംഗത്ത്

'ജയിലിലടച്ചിട്ടുണ്ട്, പക്ഷെ ഉപദ്രവിച്ചിട്ടില്ല'; ലാലുവിന്റെ 'അടിയന്തരാവസ്ഥ' പരാമര്‍ശം വിവാദത്തില്‍ ; പോസ്റ്റിനെതിരെ ബിജെപി രംഗത്ത്
ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ 'അടിയന്തരാവസ്ഥ' പരാമര്‍ശം വിവാദത്തില്‍.

ഇന്ദിര തങ്ങളെ ജയിലിലടച്ചിട്ടുണ്ടെന്നും എന്നാല്‍ ഒരിക്കലും ഉപദ്രവിച്ചിട്ടില്ലെന്നും ലാലു എക്‌സില്‍ കുറിച്ചതാണ് വിവാദത്തിന് തുടക്കം കുറിച്ചത്.

അടിയന്തരാവസ്ഥ ഓര്‍മിച്ചുകൊണ്ട് ലാലു എഴുതിയ ലേഖനം ' ദി സംഘ് സൈലന്‍സ് ഇന്‍ 1975'ലെ ഒരു പ്രസക്തഭാഗം മുന്‍ മുഖ്യമന്ത്രി തന്നെ എക്‌സില്‍ പങ്കുവെച്ചിരുന്നു.

'അടിയന്തരാവസ്ഥ കാലത്ത് താന്‍ പതിനഞ്ച് മാസത്തോളം ജയിലിലായിരുന്നു. അന്നൊന്നും ഞങ്ങള്‍ ഇന്ന് അടിയന്തരാവസ്ഥയ്‌ക്കെതിരെ ഘോരഘോരം സംസാരിക്കുന്ന നദ്ദയെയോ മോദിയെയോ കുറിച്ച് കേട്ടിട്ടേയില്ല'; എന്നായിരുന്നു ലാലു കുറിച്ചത്.

'ഇന്ദിര ഞങ്ങളെ ഒരുപാട് പേരെ ജയിലില്‍ അടച്ചിട്ടുണ്ട്. എന്നാല്‍ ആരെയും ഉപദ്രവിച്ചിട്ടില്ല. ഞങ്ങളെ ആരെയും രാജ്യദ്രോഹിയെന്നോ രാജ്യത്തോട് കൂറില്ലാത്തവരെന്നോ വിളിച്ചിട്ടില്ല. അംബേദ്കറിനെ തൊട്ടുകളിക്കാന്‍ പോലും ആരെയും സമ്മതിച്ചിട്ടില്ല. 1975 തീര്‍ച്ചയായും ഒരു കളങ്കം തന്നെയാണ്. പക്ഷെ ഇക്കാലത്ത് പ്രതിപക്ഷത്തെപ്പോലും ബഹുമാനിക്കാത്തവര്‍ ആരാണെന്ന് നമ്മള്‍ ഓര്‍ക്കണം'; എന്ന ലാലുവിന്റെ നിലപാടാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

പോസ്റ്റിനെതിരെ ബിജെപി രംഗത്തെത്തി. റാം മനോഹര്‍ ലോഹ്യയുടെയും ജയപ്രകാശ് നാരായണിന്റെയും ആത്മാവ് ലാലുവിനോട് പൊറുക്കില്ലെന്നും രാഷ്ട്രീയഭാവി അവസാനിപ്പിച്ച ലാലു മക്കള്‍ രാഷ്ട്രീയം ഉറപ്പാക്കാന്‍ വേണ്ടി ഓരോന്ന് പറയുകയാണെന്നും ബിജെപി വിമര്‍ശിച്ചു.

Other News in this category



4malayalees Recommends