കളിയിക്കാവിള കൊലപാതക കേസില്‍ രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍ ; കേസില്‍ നിര്‍ണ്ണായകം

കളിയിക്കാവിള കൊലപാതക കേസില്‍ രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍ ; കേസില്‍ നിര്‍ണ്ണായകം
കളിയിക്കാവിള കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം പാറശ്ശാലയില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

മുംബൈയിലേക്ക് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സുനില്‍കുമാര്‍ തമിഴ്‌നാട് പ്രത്യേക സംഘത്തിന്റെ പിടിയിലായത്. പ്രതി അമ്പിളിയുടെ സുഹൃത്താണ് സുനില്‍കുമാര്‍. സുനില്‍കുമാറിന്റെ വാഹനം നേരത്തെ കണ്ടെത്തിയിരുന്നു. കന്യാകുമാരിയിലെ കുലശേഖരത്ത് റോഡ് സൈഡില്‍ നിര്‍ത്തിയിട്ട നിലയിലാണ് കാര്‍ കണ്ടെത്തിയത്.

ആശുപത്രി ഉപകരണങ്ങളുടെ വിതരണക്കാരനായ സുനിലാണ് മുഖ്യപ്രതി ചൂഴാറ്റുകോട്ട അമ്പിളിക്ക് കൊല നടത്താനുള്ള സര്‍ജിക്കല്‍ ബ്ലേഡ്, ക്ലോറോഫോം, കൈയുറകള്‍, കൊലക്കുശേഷം മാറ്റാനുള്ള വസ്ത്രങ്ങള്‍ എന്നിവ എത്തിച്ചു നല്‍കിയിരുന്നത്. ജെസിബി വാങ്ങാന്‍ കാറില്‍ കരുതിയിരുന്ന പണം മാത്രം തട്ടി എടുക്കുകയാണോ പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശം ഇവര്‍ക്ക് ഉണ്ടോ എന്നതാണ് അന്വേഷണം സംഘം പരിശോധിക്കുന്നത്.

അമ്പിളിക്ക് പിന്നാലെ സുനില്‍കുമാറിന്റെ സുഹൃത്ത് പ്രദീപ് ചന്ദ്രനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഗൂഢാലോചനയില്‍ പൂവാര്‍ പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രനും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം സുനില്‍കുമാറും പ്രദീപ് ചന്ദ്രനും അമ്പിളിയും ചേര്‍ന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിനായി അമ്പിളിയെ കൊണ്ടുവിട്ടത് സുനില്‍കുമാറും പ്രദീപ് ചന്ദ്രനും കൂടിയാണ് എന്നും പൊലീസ് പറയുന്നു. ഇരുവരുടെയും നിര്‍ദേശപ്രകാരമാണോ അമ്പിളി കൊല നടത്തിയതെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

കൊലപാതകം ക്വട്ടേഷനാണെന്നാണ് മുഖ്യപ്രതി അമ്പിളി പൊലീസിനോട് പറഞ്ഞത്. കൊല്ലപ്പെട്ട ദീപു പറഞ്ഞിട്ടാണ് കൊല ചെയ്തതതെന്നും ഇന്‍ഷുറന്‍സ് തുക നേടിയെടുക്കുന്നതിന്റെ ഭാഗമാണ് കൊല നടത്തിയത് എന്നുമായിരുന്നു അമ്പിളി ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. അമ്പിളിയുടെ മൊഴിയിലെ വൈരുധ്യങ്ങളാണ് കൂടുതല്‍ ചോദ്യം ചെയ്യലുകളിലേക്ക് നയിച്ചത്. അമ്പിളിയുടെ ഭാര്യയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. അമ്പിളിയുടെ വീടായ മലയത്തും കാറില്‍ കയറിയ നെയ്യാറ്റിന്‍കരയിലും കൃത്യം നടത്തിയ കളിക്കാവിള ഒറ്റാമരത്തും പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

Other News in this category



4malayalees Recommends