മോഹന്‍ലാലിനൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ നടന്‍ വിജയ് വിസമ്മതിച്ചു എന്ന വാര്‍ത്ത ; രോഷം ഉയര്‍ന്ന സംഭവത്തില്‍ സത്യമിതാണ്

മോഹന്‍ലാലിനൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ നടന്‍ വിജയ് വിസമ്മതിച്ചു എന്ന വാര്‍ത്ത ; രോഷം ഉയര്‍ന്ന സംഭവത്തില്‍ സത്യമിതാണ്
മോഹന്‍ലാലിനൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ നടന്‍ വിജയ് വിസമ്മതിച്ചു എന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായത്. നടനും തിരക്കഥാകൃത്തുമായ ജോ മല്ലൂരി അനുഭവം പങ്കുവച്ചതിന് പിന്നാലെയാണ് ഇങ്ങനൊരു ചര്‍ച്ച ഉയര്‍ന്നത്. മോഹന്‍ലാലും വിജയ്‌യും ഒന്നിച്ച 'ജില്ല' സിനിമയുടെ സമയത്തെ ചില അനുഭവങ്ങളായിരുന്നു ജോ മല്ലൂരി പങ്കുവച്ചത്.

മോഹന്‍ലാലിന് ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ വിജയ് വിസമ്മതിച്ചത് ശരിയാണെങ്കിലും അനുഭവത്തിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്താണ് പ്രചരിപ്പിക്കുന്നത്. അതിഥികളെ ഭക്ഷണം കഴിപ്പിക്കാതെ കഴിക്കരുത് എന്ന നിര്‍ബന്ധമുള്ളതു കൊണ്ടാണ് വിജയ്‌യുടെ വീട്ടിലെത്തിയപ്പോള്‍ താരം മോഹന്‍ലാലിനൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാതിരുന്നത് എന്നും ജോ മല്ലൂരി പറയുന്നുണ്ട്.

ജോ മല്ലൂരിയുടെ വാക്കുകള്‍:

ഒരു ദിവസം വിജയ് മോഹന്‍ലാലിനെ വീട്ടിലേക്ക് ഡിന്നറിന് ക്ഷണിക്കുകയായിരുന്നു. നിങ്ങളും മോഹന്‍ലാലും വരണം എന്ന് വിജയ് പറഞ്ഞു. വിജയ് എന്നോട് പറഞ്ഞു, അണ്ണന് എന്താണ് ഇഷ്ടം എന്ന് ചോദിച്ചു പറയണേ. വിജയുടെ വീട് ഒരു ധ്യാന മണ്ഡപം പോലെയാണ് ഇരിക്കുന്നത്. ഒരു മൊട്ടുസൂചി വീണാല്‍ പോലും കേള്‍ക്കുന്ന നിശബ്ദത. ഞാനും മോഹന്‍ലാല്‍ സാറും ഭാര്യ സുചിത്രയും ഒരുമിച്ചാണ് പോയത്. വിജയ്യുടെ ഭാര്യയും അദ്ദേഹത്തിന്റെ രണ്ടു കുട്ടികളും മോഹന്‍ലാലിനെയും പത്‌നിയെയും വീട്ടിലേക്ക് സ്വാഗതം ചെയ്തു. എന്നെ അതിശയിപ്പിച്ചുകൊണ്ടു വിജയ് മൂന്നു ഇലയിട്ടു, എനിക്ക് മോഹന്‍ലാല്‍ സാറിന് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക്.

ഭക്ഷണം വിളമ്പിയപ്പോള്‍ മോഹന്‍ലാല്‍ സര്‍ ചോദിച്ചു 'വിജയ് കഴിക്കുന്നില്ലേ?' അദ്ദേഹം പറഞ്ഞു, ഒന്ന് വെയിറ്റ് ചെയ്യാമോ, അകത്തേക്ക് നോക്കിയാല്‍ വേലക്കാരെ ആരെയും കാണുന്നില്ല, വിജയും ഭാര്യയും ചേര്‍ന്നാണ് എല്ലാം വിളമ്പുന്നത്. എനിക്ക് അതിശയമായി. മോഹന്‍ലാല്‍ എത്ര നിര്‍ബന്ധിച്ചിട്ടും വിജയ് ഒപ്പം ഇരുന്നില്ല. മോഹന്‍ലാല്‍ ഇരിക്കാന്‍ പറഞ്ഞിട്ടും വിജയ് ഒന്നും പറയാതെ ചിരിച്ചുകൊണ്ടിരുന്നു. ഭക്ഷണം കഴിച്ചിട്ട് ഞങ്ങള്‍ തിരിച്ചുപോയി.'

'പിറ്റേന്ന് രാവിലെ സെറ്റില്‍ വച്ച് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു 'എത്ര വലിയ ആക്ടര്‍ ആണ് മോഹന്‍ലാല്‍ സര്‍. അദ്ദേഹം കൂടെ ഇരിക്കാന്‍ പറഞ്ഞപ്പോള്‍ ഒന്നും പറയാതെ ചിരിച്ചുകൊണ്ട് ഇരുന്നത് എന്തിനാണ്'? വിജയ് പറഞ്ഞു, 'അണ്ണാ എന്റെ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചു വിട്ട ഒരു കാര്യമുണ്ട് വീട്ടില്‍ വരുന്ന അതിഥികളെ ഭക്ഷണം കഴിപ്പിക്കാതെ നീ കഴിക്കരുത്. ഇതുവരെയും ഞാന്‍ അത് തെറ്റിച്ചിട്ടില്ല . നിങ്ങളെ ഭംഗിയായി സല്‍ക്കരിച്ചു വിട്ടതിനു ശേഷം മാത്രമേ ഞാന്‍ കഴിക്കൂ. ഇതാണ് എന്റെ ശീലം'.

അതിഥികളുടെ കൂടെ ഇരുന്ന് കഴിക്കുന്നതിനേക്കാള്‍, അവര്‍ക്ക് ഭക്ഷണം വിളമ്പുന്ന നല്ല ആതിഥേയനാവാനായിരുന്നു വിജയ് ഇഷ്ടപ്പെട്ടത്. അതിഥികളെ അത്ര നന്നായി പരിചരിക്കുന്ന സ്വഭാവക്കാരനാണത്രെ വിജയ്. ഇത്രയേറെ പ്രശസ്തനായ വിജയ് തന്റെ പ്രശസ്തി തലയില്‍ വയ്ക്കാതെ തറയില്‍ ആണ് വച്ചിരിക്കുന്നത്. അദ്ദേഹത്തെ ഓര്‍ത്ത് എനിക്ക് അഭിമാനവും ആശ്ചര്യവും തോന്നി.

Other News in this category



4malayalees Recommends