കുറ്റകൃത്യം കഴിഞ്ഞ് 15 വര്‍ഷം ; കല കൊലക്കേസ് അന്വേഷിക്കാന്‍ 21 അംഗ പ്രത്യേക സംഘത്തില്‍ ക്രൈംബ്രാഞ്ചും

കുറ്റകൃത്യം കഴിഞ്ഞ് 15 വര്‍ഷം ; കല കൊലക്കേസ് അന്വേഷിക്കാന്‍ 21 അംഗ പ്രത്യേക സംഘത്തില്‍ ക്രൈംബ്രാഞ്ചും
ആലപ്പുഴ മാന്നാറിലെ കല കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 21 അംഗ സംഘമാണ് രൂപീകരിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചും കേസില്‍ അന്വേഷണസംഘത്തിനൊപ്പമുണ്ട്. കേസില്‍ കൂടുതല്‍ ശക്തമായ തെളിവുകള്‍ പൊലീസിന് കണ്ടെത്തേണ്ടതുണ്ട്.

2009ല്‍ പെരുമ്പുഴ പാലത്തില്‍ വച്ച് കലയെ കൊലപ്പെടുത്തിയ ശേഷം മാരുതി കാറില്‍ മൃതദേഹം അനിലിന്റെ വീട്ടിലെത്തിച്ച് കുഴിച്ചിട്ടതായാണ് കേസില്‍ പൊലീസിന്റെ നിഗമനം. എന്നാല്‍ 15 വര്‍ഷം മുന്‍പ് നടന്ന കുറ്റകൃത്യത്തിന് ശക്തമായ തെളിവുകള്‍ കണ്ടെത്തുകയാണ് പൊലീസിന്റെ മുന്നിലുള്ള വെല്ലുവിളി. കസ്റ്റഡിയിലുള്ള പ്രതികളില്‍ നിന്ന് പരമാവധി തെളിവുകള്‍ കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം.

നിലവില്‍ കസ്റ്റഡിയിലുള്ള പ്രതികളെ ആറ് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി അനുവദിച്ചിട്ടുള്ളത്. കസ്റ്റഡിയിലുള്ള പ്രതികളെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. മൃതദേഹം കുഴിച്ചിട്ട അനിലിന്റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. അനിലിന്റെ സഹോദരി ഭര്‍ത്താവ് സോമരാജന്‍,ബന്ധുക്കളായ ജിനു ഗോപി, പ്രമോദ്, സന്തോഷ്, സുരേഷ് കുമാര്‍ എന്നിവരാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്.

ഇസ്രയേലില്‍ ജോലി ചെയ്യുന്ന അനിലിനെ നാട്ടിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. കലയും അനിലും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു.വിവാഹത്തില്‍ അനിലിന്റെ കുടുംബത്തിന് താത്പര്യമില്ലാതിരുന്നതിനാല്‍ വിവാഹ ശേഷം ഇരുവരും ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്നു.

തുടര്‍ന്ന് കലയെ ബന്ധുവീട്ടില്‍ നിര്‍ത്തി അനില്‍ വിദേശത്ത് ജോലിയ്ക്ക് പോയിരുന്നു. എന്നാല്‍ കലയ്ക്ക് നാട്ടില്‍ മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നാട്ടിലെത്തിയ അനിലും കലയുമായി തര്‍ക്കങ്ങളുണ്ടായി.

പിന്നാലെ സ്വന്തം വീട്ടിലേക്ക് പോകണമെന്ന് കല നിര്‍ബന്ധം പിടിച്ചതോടെ അനില്‍ അനുനയത്തിന്റെ പാതയിലായി. വാടകയ്‌ക്കെടുത്ത കാറില്‍ കലയുമായി കുട്ടനാട് ഭാഗത്ത് യാത്ര പോയ അനില്‍ കാറില്‍ വച്ച് കലയെ കൊലപ്പെടുത്തിയ ശേഷം ബന്ധുക്കളുടെ സഹയാത്തോടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിട്ടെന്നാണ് പൊലീസിന് ലഭിച്ച മൊഴി.

മൂന്ന് മാസത്തിന് മുന്‍പ് കലയുടെ മരണവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച ഊമക്കത്താണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. കലയുടെ മാതാപിതാക്കള്‍ നേരത്തെ മരിച്ചിരുന്നു. ഒരു ഭിന്നശേഷിക്കാരന്‍ ഉള്‍പ്പെടെ കലയ്ക്ക് രണ്ട് സഹോദരന്‍മാരാണുള്ളത്. കലയെ കാണാതാകുമ്പോള്‍ ഇവര്‍ക്ക് ഒരു കുട്ടിയുണ്ടായിരുന്നു.






Other News in this category



4malayalees Recommends