കിട്ടേണ്ട ആളുകളുടെ കൈയില്‍ നിന്നും അന്ന് പിന്തുണ ലഭിച്ചില്ല; സിനിമയില്‍ നിന്നും രണ്ട് പേര്‍ മാത്രമാണ് വിളിച്ചത്; തുറന്നുപറഞ്ഞ് എലിസബത്ത്

കിട്ടേണ്ട ആളുകളുടെ കൈയില്‍ നിന്നും അന്ന് പിന്തുണ ലഭിച്ചില്ല; സിനിമയില്‍ നിന്നും രണ്ട് പേര്‍ മാത്രമാണ് വിളിച്ചത്; തുറന്നുപറഞ്ഞ് എലിസബത്ത്
നടന്‍ ബാലയുടെ കരള്‍ മാറ്റ ശസ്ത്രക്രിയയുടെ സമയത്ത് താന്‍ കടന്നുപോയ മാനസികാവസ്ഥ പങ്കുവെച്ച് ബാലയുടെ ഭാര്യ എലിസബത്ത്. മരണം മുന്നില്‍ കണ്ട സാഹചര്യമാണ് ഉണ്ടായിരുന്നതെന്നും ഈശ്വരന്മാരെ പോലെ ഡോക്ടര്‍മാരെ കൈകൂപ്പി തൊഴുത കാലമായിരുന്നു അതെന്നും എലിസബത്ത് ഓര്‍ക്കുന്നു.

ഡോക്ടടേഴ്‌സ് ഡേയില്‍ പങ്കുവെച്ച വീഡിയോയിലാണ് എലിസബത്ത് ബാലയുടെ വിവരങ്ങള്‍ പങ്കുവെച്ചത്. സിനിമയില്‍ നിന്ന് ബാബുരാജ്, സുരേഷ് കൃഷ്ണ എന്നിവര്‍ വിളിച്ച് അന്വേഷിച്ചെന്നും എന്നാല്‍ കിട്ടേണ്ട ആളുകളുടെ കയ്യില്‍ നിന്ന് പിന്തുണ ലഭിച്ചില്ലെന്നും എലിസബത്ത് വീഡിയോയില്‍ പറയുന്നു.

'ഡോക്ടരുടെ ഒരുദിനം കടന്നുപോകുന്നത്, രോഗികളെ കാണുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്യുന്നതിലൂടെയാണ്. എന്നാല്‍ ഒരു രോഗിയുടെ കൂടെയിരുന്ന് ആലോചിക്കാന്‍ തുടങ്ങിയത് ബാലയുടെ കരള്‍ മാറ്റിവയ്ക്കുന്ന സമയത്തായിരുന്നു. ഒന്നും ചിന്തിക്കാനോ, എന്ത് ചെയ്യണമെന്നോ അറിയാത്ത അവസ്ഥയുണ്ടായി.

അമൃതാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ആ എമര്‍ജന്‍സി സാഹചര്യത്തില്‍ കൂടെ നിന്നു. ശസ്ത്രക്രിയ നടക്കാന്‍ മൂന്നു ദിവസം മാത്രമേ അന്ന് ബാക്കിയുണ്ടായിരുന്നുള്ളൂ. പെട്ടെന്ന് ബാലയുടെ ആരോഗ്യം പണ്ടത്തേക്കാളും മോശമായി. ബാല ഐസിയുവില്‍ വെന്റിലേറ്ററിലായി, ആ ഡോക്ടര്‍മാരൊന്നും വീട്ടില്‍ പോയിട്ടില്ല. ബാലയെ കാണാന്‍ ഞാന്‍ ഐസിയുവില്‍ കയറിയതും ഒരു കണ്‍സല്‍ട്ടന്റ് വീട്ടില്‍ വിളിച്ച് ഇന്ന് വരുന്നില്ല, സീരിയസ് കണ്ടീഷന്‍ ആണ് എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.

ഈശ്വരന്മാരെ പോലെ ഡോക്ടര്‍മാരെ കൈകൂപ്പി തൊഴുത കാലമായിരുന്നു. നമുക്ക് ടെന്‍ഷന്‍ തരാതെ, ഭയപ്പെടുത്താതെയാണ് അവര്‍ രോഗിക്കൊപ്പം നിന്നവരെയും നോക്കിയത്. ആശുപത്രിയിലെ ഐസിയുവില്‍ എപ്പോഴും എനിക്കോ ബന്ധുക്കള്‍ക്ക് കയാറാന്‍ കഴിയാത്തതിനാല്‍ അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സ് ബാലയുടെ പുരോഗതി അറിയിച്ചു കൊണ്ടിരുന്നു. ശേഷം റിവ്യൂവിന് പോയപ്പോള്‍ ആ പെണ്‍കുട്ടി ഓടിവന്ന് കെട്ടിപ്പിടിച്ചിട്ടുണ്ട്.

പലരുടെയും പേര് തന്നെ ഓര്‍മയില്ല, ആ സമയത്ത് നമ്മള്‍ വേറൊരു അവസ്ഥയിലായിരിക്കുമല്ലോ. അന്ന് ഈ ഡോക്ടര്‍മാരെയൊക്കെ ദൈവങ്ങളായാണ് എനിക്ക് തോന്നിയത്. 'അമ്മ' അസോസിയേഷന്റെ അംഗങ്ങളായ ബാബുരാജ് സര്‍, സുരേഷ് കൃഷ്ണ സര്‍ ഒക്കെ ഇടയ്ക്ക് ഇടയ്ക്ക് ബാലയുടെ ആരോഗ്യത്തെക്കുറിച്ച് വിളിച്ച് ചോദിക്കുമായിരുന്നു. കിട്ടേണ്ട ആളുകളുടെ കയ്യില്‍ നിന്നും പിന്തുണ ലഭിച്ചില്ലെങ്കിലും ഇവരെപ്പോലുള്ള ആളുകള്‍ കൂടെ നിന്നു.

ബാലയുടെ നാലഞ്ച് സുഹൃത്തുക്കള്‍ സര്‍ജറിയുടെ സമയത്ത് ഒപ്പം നിന്നു. കഷ്ടകാലം വരുന്ന സമയത്ത് നമ്മുടെ കൂടെ നില്‍ക്കാന്‍ ആരുമുണ്ടാകില്ല, അല്ലാത്ത സമയത്ത് നൂറ് പേരുണ്ടാകും. അതൊക്കെ മനസ്സിലാക്കിയ സമയമായിരുന്നു അന്ന് കടന്നുപോയത്.' എന്നാണ് യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ എലിസബത്ത് പറയുന്നത്.




Other News in this category



4malayalees Recommends