ആദിപുരുഷില്‍ പോലും നിങ്ങള്‍ ഞങ്ങളുടെ ഹിന്ദു വിശുദ്ധ ഗ്രന്ഥങ്ങളെ കളിയാക്കി, പികെയില്‍ നിങ്ങള്‍ ശിവനെ ഓടിച്ചു, നിങ്ങള്‍ ഞങ്ങളുടെ മതവുമായി കലഹിക്കുന്നു ; വിമര്‍ശനവുമായി മുകേഷ് ഖന്ന

ആദിപുരുഷില്‍ പോലും നിങ്ങള്‍ ഞങ്ങളുടെ ഹിന്ദു വിശുദ്ധ ഗ്രന്ഥങ്ങളെ കളിയാക്കി, പികെയില്‍ നിങ്ങള്‍ ശിവനെ ഓടിച്ചു, നിങ്ങള്‍ ഞങ്ങളുടെ മതവുമായി കലഹിക്കുന്നു ; വിമര്‍ശനവുമായി മുകേഷ് ഖന്ന
തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുന്ന 'കല്‍ക്കി 1898 എഡി'ക്കെതിരെ വിമര്‍ശങ്ങളുമായി ശക്തിമാന്‍, മഹാഭാരതം എന്നിവയിലൂടെ സുപരിചിതനായ മുകേഷ് ഖന്ന. കല്‍ക്കിയില്‍ പുരാണ കഥകള്‍ മാറ്റാന്‍ ശ്രമിച്ചുവെന്നാണ് മുകേഷ് ഖന്ന പറയുന്നത്. ആദിപുരുഷിലും പികെയിലും എന്താണോ കണ്ടത് അതിന്റെ തന്നെ ആവര്‍ത്തനമാണ് കല്‍ക്കിയിലും കാണുന്നത് എന്നാണ് മുകേഷ് ഖന്ന പറയുന്നത്.

'എന്നെ വിഷമിപ്പിക്കുന്ന ഒരു കാര്യം, അവര്‍ സിനിമയില്‍ പുരാണകഥകള്‍ മാറ്റാന്‍ ശ്രമിച്ചു എന്നതാണ്. തുടക്കത്തില്‍ നിങ്ങള്‍ കാണുന്നത് ശ്രീകൃഷ്ണന്‍ വന്ന് അശ്വത്ഥാമാവിന്റെ നെറ്റിയില്‍ നിന്ന് ശിവമണി എടുക്കുകയും,അശ്വത്ഥാമാവ് ഭാവിയില്‍ തന്റെ രക്ഷകനാകുമെന്ന് അവനോട് പറയുകയും ചെയ്യുന്നു. ഭഗവാന്‍ കൃഷ്ണന്‍ ഇത് ഒരിക്കലും പറഞ്ഞിട്ടില്ല.

ഭാവിയില്‍ താന്‍ രക്ഷകനാകുമെന്ന് ഭഗവാന്‍ കൃഷ്ണന്‍ അശ്വത്ഥാമാവിനോട് പറഞ്ഞിട്ടില്ല, താന്‍ കല്‍ക്കിയായി ജനിക്കുമെന്ന് പറഞ്ഞിട്ടുമില്ല. ഈ വിഷയങ്ങളില്‍ എനിക്ക് എതിര്‍പ്പുണ്ട്, ഓരോ സനാതന ഹിന്ദുവിനും ഇതില്‍ എതിര്‍പ്പ് ഉണ്ടായിരിക്കണം.

ആദിപുരുഷില്‍ പോലും നിങ്ങള്‍ ഞങ്ങളുടെ ഹിന്ദു വിശുദ്ധ ഗ്രന്ഥങ്ങളെ കളിയാക്കി. പികെയില്‍ നിങ്ങള്‍ ശിവനെ ഓടിച്ചു. നിങ്ങള്‍ ഞങ്ങളുടെ മതവുമായി കലഹിക്കുന്നു. 2898 എ ഡി കല്‍ക്കിയില്‍ പോലും, നിങ്ങള്‍ എടുത്ത സ്വാതന്ത്ര്യം, താന്‍ കല്‍ക്കിയായി ജനിക്കുമെന്ന് കൃഷ്ണന്‍ എവിടെയാണ് പറഞ്ഞതെന്ന് എനിക്ക് കാണിച്ചുതരൂ.' എന്നാണ് മുകേഷ് ഖന്ന പറഞ്ഞത്.

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത എപിക് സയന്‍സ് ഫിക്ഷന്‍ ഡിസ്‌ടോപ്പിയന്‍ ഗണത്തില്‍പെടുന്ന കല്‍ക്കിയില്‍ നായകന്‍ പ്രഭാസിനൊപ്പം അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍, ദിഷ പഠാനി,ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരകൊണ്ട, അന്ന ബെന്‍, ശോഭന തുടങ്ങി വലിയ താരനിര പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മഹാഭാരത യുദ്ധത്തിന് ശേഷം 6000 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ തിരിച്ചുവരവ് കൂടിയാണ് കല്‍ക്കിയിലൂടെ ഇന്ത്യന്‍ സിനിമാലോകം സാക്ഷ്യം വഹിക്കുന്നത്. പുരാണ കഥാപാത്രമായ അശ്വത്ഥാമാവായാണ് ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ എത്തുന്നത്. യാഷ്‌കിന്‍ എന്ന വില്ലന്‍ കഥാപാത്രമായാണ് കമല്‍ഹാസന്‍ ചിത്രത്തിലെത്തുന്നത്.

Other News in this category



4malayalees Recommends