കാനഡയില്‍ ഏതെങ്കിലും കോഴ്‌സ് പഠിക്കുക, പാര്‍ട്ട്‌ടൈം ജോലി നേടുക, പഠിച്ചിറങ്ങിയ ശേഷം ഫുള്‍ടൈം ജോലി നേടുക, പിന്നെ സ്ഥിരതാമസമാക്കുക! ഇതാണ് കാനഡ ലക്ഷ്യം വെയ്ക്കുന്ന പല വിദ്യാര്‍ത്ഥികളുടെയും മോഹം. പല റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളും ഇത്തരം പരസ്യങ്ങള്‍ നല്‍കി മോഹിപ്പിക്കുന്നുണ്ട്. എന്നാല്‍ അടുത്തിടെ ഉണ്ടായ സുപ്രധാന ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍ ഈ സ്വപ്നത്തെ പുറത്തുനിര്‍ത്തുകയാണ്.
അതായത് കാനഡയിലേക്ക് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റായി എത്തുന്നവര്‍ക്ക് പെര്‍മനന്റ് റസിഡന്‍സ് (പിആര്‍) ലഭിക്കുമെന്ന് യാതൊരു ഗ്യാരണ്ടിയും നല്‍കുന്നില്ലെന്നതാണ് നിയമ മാറ്റങ്ങള്‍ സ്ഥിരീകരിക്കുന്ന വസ്തുത.
കാനഡയിലെ ഡെസിഗ്നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്നും ഗ്രാജുവേഷന്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ പിആര്‍ ലഭിക്കാന്‍ നിരവധി കടമ്പകളുണ്ട്. ആദ്യം പോസ്റ്റ് ഗ്രാജുവേഷന്‍ വര്‍ക്ക് പെര്‍മിറ്റ് നേടി ഇക്കണോമിക് പിആര്‍ പ്രോഗ്രാമുകള്‍ക്ക് ആവശ്യമായ തൊഴില്‍പരിചയം നേടുകയാണ് പ്രധാനം. ഇതില്‍ തന്നെ ഉടന്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
ഈ യോഗ്യത നേടിയ ശേഷമാണ് എക്‌സ്പ്രസ് എന്‍ട്രിയിലെ കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് പ്രോഗ്രാം വഴി പിആറിന് അപേക്ഷിക്കാന്‍ കഴിയുക. കൂടാതെ പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാമും പിആറിനായി ഉപയോഗിക്കാം. ഈ വഴികളില്‍ കാനഡയുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന തൊഴില്‍പരിചയം നേടിയവര്‍ക്കാണ് മുന്‍ഗണന. മറ്റുള്ളവര്‍ക്ക് സുദീര്‍ഘമായ കാത്തിരിപ്പ് വേണ്ടിവരും.
ഈ സമയത്ത് പിജിഡബ്യുപി കാലാവധി തീര്‍ന്നാല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ മടങ്ങേണ്ടിവരും. പുതിയ ടെമ്പററി റസിഡന്‍സ് സ്റ്റാറ്റസ് നേടാന്‍ സാധിച്ചില്ലെങ്കിലും വഴികള്‍ എല്ലാം അടയും.