ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തല്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നടനും ഡെമോക്രറ്റിക് പാര്‍ട്ടി അനുഭാവിയുമായ നടന്‍ ജോര്‍ജ് ക്ലൂണി. മുന്‍ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയും സമാനമായ അഭിപ്രായം പങ്കുവെച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ക്ലൂണിയുടെ അഭിപ്രായപ്രകടനം.
ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിലെഴുതിയ ലേഖനത്തിലായിരുന്നു ക്ലൂണി, ബൈഡന്‍ പിന്മാറണമെന്ന് പറഞ്ഞത്. 'പറയാന്‍ വിഷമമുണ്ട്. പക്ഷെ പറയാതെ പറ്റില്ലല്ലോ. ഞാന്‍ 2010ല്‍ കണ്ട ബൈഡനെയായിരുന്നില്ല മൂന്നാഴ്ച മുന്‍പ് കണ്ടത്. അന്ന് ടിബറ്റില്‍ കണ്ട ബൈഡന്‍ അതേപോലെ എന്റെ മുന്‍പില്‍ വന്നുനില്‍കുകയായിരുന്നു...' ജോര്‍ജ് ക്ലൂണി പറഞ്ഞു.
ഇത്തരത്തില്‍ എല്ലാ ഭാഗത്തുനിന്നും വിമര്‍ശനം കനത്തുകൊണ്ടിരിക്കെ തന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരായ സംവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ഡെമോക്രാറ്റുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ബൈഡന്‍. മത്സരത്തില്‍ ഉറച്ച് നില്‍ക്കാനാണ് തന്റെ തീരുമാനമെന്ന് ആവര്‍ത്തിച്ചാണ് തനിക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ബൈഡനും എതിര്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടന്ന സംവാദം ഡെമോക്രാറ്റുകള്‍ക്ക് വലിയ തിരിച്ചടിയായതിന് പിന്നാലെ ബൈഡന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ വിമ!ര്‍ശനമുയരുകയായിരുന്നു. ബൈഡന്‍ മത്സരത്തില്‍ നിന്ന് പിന്മാറണമെന്നായിരുന്നു ആവശ്യം. എന്നാല്‍ 'നാടകം' അവസാനിപ്പിക്കണമെന്നാണ് ബൈഡന്‍ ഡെമോക്രാറ്റ് ലോമേക്കേഴ്‌സിനോട് ആവശ്യപ്പെട്ടത്.
ജൂണ്‍ 27ലെ ആദ്യ പ്രസിഡന്‍ഷ്യല്‍ സംവാദത്തിന് പിന്നാലെയാണ് ബൈഡന്‍ ഏറെ പിറകോട്ട് പോയത്. ഏറ്റവും മോശം പ്രകടനമാണ് സംവാദത്തില്‍ ബൈഡന്‍ നടത്തിയത്. നേരത്തെത്തന്നെ ബൈഡന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ട്രംപിനോട് മത്സരിക്കാന്‍ യോഗ്യനല്ല എന്ന് മാത്രമല്ല, അമേരിക്കയുടെ ഭാവിയെ നയിക്കാന്‍ ബൈഡന്‍ പ്രാപ്തനല്ലെന്ന് കൂടിയാണ് ഡെമോക്രാറ്റുകള്‍ തന്നെ വാദിക്കുന്നത്.