നാറ്റോ സമ്മേളനത്തിനിടയില്‍ ബൈഡന് കുരുക്കായി വന്‍ നാക്കുപിഴ. നിരവധി രാജ്യങ്ങളുടെ പ്രതിനിധികള്‍ ഉണ്ടായിരുന്ന വേദിയില്‍ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ ബൈഡന്‍ മാറിവിളിച്ചത് 'പുടിന്‍' എന്നും വൈസ് പ്രസിഡന്റ് കമല ഹാരിസിന് പകരം 'ട്രംപ്' എന്നുമാണ്.
തന്റെ പ്രസംഗം തീര്‍ത്ത ശേഷം സെലന്‍സ്‌കിയെ മറുപടി പ്രസംഗത്തിനായി ക്ഷണിക്കുകയായിരുന്നു ബൈഡന്‍. 'ഇനി ഞാന്‍ യുക്രൈന്‍ പ്രസിഡന്റിനെ സംസാരിക്കാനായി ക്ഷണിക്കുകയാണ്. പുടിന് സ്വാഗതം' എന്നായിരുന്നു ബൈഡന്റെ നാക്കുപിഴ. ശേഷം തെറ്റ് മനസിലായ ബൈഡന്‍ ഉനെത്തന്നെ തിരുത്തി. എന്നാല്‍ ഇതിനെ തമാശ രീതിയില്‍ മാത്രമാണ് സെലന്‍സ്‌കി കണ്ടത്.
തീര്‍ന്നില്ല, സമ്മേളനത്തിന് ശേഷം മാധ്യമങ്ങളെ കാണുമ്പോളും ബൈഡന് വലിയൊരു നാക്കുപിഴ ഉണ്ടായി. വൈസ് പ്രസിഡന്റ് കമല ഹാരിസിനെയാണ് ഇപ്രാവശ്യം ബൈഡന് മാറിപ്പോയത്. പകരം പറഞ്ഞ പേരാകട്ടെ ചിരവൈരിയായ ഡൊണാള്‍ഡ് ട്രംപിന്റേതും ! ' നോക്കൂ, വേണ്ടത്ര കഴിവില്ലെങ്കില്‍ ഞാന്‍ ട്രംപിനെ വൈസ് പ്രസിഡന്റാക്കുമായിരുന്നോ' എന്നായിരുന്നു പരാമര്‍ശം.
ആദ്യ പൊതുസംവാദത്തിലെ മോശം പ്രകടനത്തിന് ശേഷം ബൈഡനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഈ നാക്കുപിഴകള്‍ ചര്‍ച്ചയാകുന്നത്. ബൈഡന് മറവിരോഗം ബാധിച്ചുവെന്ന് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ത്തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെ ബൈഡന് പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ട് എന്ന വാര്‍ത്ത വരെ പ്രചരിച്ചിരുന്നു. എന്നാല്‍ അവയെയെല്ലാം വൈറ്റ് ഹൗസ് തള്ളിയിരുന്നു.