ബ്രിട്ടനെ ഞെട്ടിച്ച കൂട്ടക്കൊലയിലെ പ്രതി കൈല്‍ ക്ലിഫോര്‍ഡ് ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഇയാള്‍ ഇതുവരെ പോലീസിനോട് സംസാരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 25-കാരി ലൂസെ, സഹോദരി 28-കാരി ഹന്ന, അമ്മ 61-കാരി കരോള്‍ ഹണ്ട് എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ ബുഷെയിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബിബിസി റേസിംഗ് കമന്റേറ്റര്‍ ജോണ്‍ ഹണ്ടിന്റെ കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ട മൂന്ന് സ്ത്രീകളും. ക്രോസ്‌ബോയുമായി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ 26-കാരനായ കൈല്‍ ക്ലിഫോര്‍ഡിനെ തെരച്ചിലിനൊടുവിലാണ് പോലീസ് ഒരു സെമിത്തേരിയില്‍ നിന്നും കണ്ടെത്തിയത്.
ഇയാള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നതിനാല്‍ പോലീസിന് ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല. അക്രമത്തിന് ഉപയോഗിച്ചതായി കരുതുന്ന ക്രോസ്‌ബോ കണ്ടെടുത്തിട്ടുണ്ട്. അതേസമയം മണിക്കൂറുകളോളം മൂന്ന് സ്ത്രീകളെയും കെട്ടിയിട്ട് ഭയപ്പെടുത്തിയ ശേഷമാണ് കൊല നടത്തിയതെന്നാണ് പോലീസ് കരുതുന്നത്.
ലൂസെയുടെ മുന്‍ കാമുകനായിരുന്നു ക്ലിഫോര്‍ഡ്. ഇയാള്‍ യുവതി വലിയ തോതില്‍ നിയന്ത്രിച്ചിരുന്നതായി സുഹൃത്തുക്കള്‍ വെളിപ്പെടുത്തി. മേക്കപ്പ് അണിയുന്നതിനും, രാത്രി വൈകി പുറത്ത് പോകുന്നതിനും, പുരുഷ സുഹൃത്തുക്കളുമായി കറങ്ങുന്നതുമെല്ലാം ക്ലിഫോര്‍ഡ് വിലക്കിയിരുന്നു. ഇതിനൊടുവിലാണ് യുവതി ബന്ധം അവസാനിപ്പിച്ചത്. എന്നാല്‍ ഇതിലുള്ള പകയാണ് മൂന്ന് കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്യുന്നതില്‍ കലാശിച്ചത്.