റഷ്യന്‍ വേരുകളുള്ള ഓസ്‌ട്രേലിയന്‍ ദമ്പതികള്‍ക്കെതിരെ ചാരവൃത്തി നടത്തിയതായുള്ള കേസില്‍ കുറ്റം ചുമത്തി. ഓസ്‌ട്രേലിയന്‍ പ്രതിരോധ സേനയില്‍ ജോലി ചെയ്യുന്ന 40 വയസുകാരി കിറാ കോറോലെവിനും 62 കാരനായ ഭര്‍ത്താവ് ഇഗോറിനുമെതിരെയാണ് കുറ്റം ചുമത്തിയത്.
2018ല്‍ കൊണ്ടുവന്ന ഓസ്‌ട്രേലിയന്‍ ചാരവൃത്തി നിയമത്തില്‍ ചുമത്തുന്ന ആദ്യത്തെ കേസാണിത്.
ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസിന്റെയും ആര്‍സിഒയുടേയും സഖ്യത്തിന്റെ കണ്ടെത്തലിലാണ് അറസ്റ്റ്. ബ്രിസ്ബനിലുള്ള ഓസ്‌ട്രേലിയന്‍ പൗരന്മാരാണ് അറസ്റ്റിലായത്.
ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ അതീവ രഹസ്യമായ വിവരങ്ങള്‍ റഷ്യന്‍ സര്‍ക്കാരിന് ലഭ്യമാക്കാനായി ഈ ദമ്പതികള്‍ ശ്രമിച്ചിരുന്നതായിട്ടാണ് പൊലീസ് ആരോപിക്കുന്നത്.2023 ല്‍ ലോങ് ലീവെടുത്ത് അധികൃതരെ അറിയിക്കാതെ കീറാ കോറെലെവ് റഷ്യ സന്ദര്‍ശിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഈ സമയത്ത് ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് രഹസ്യ വിവരങ്ങള്‍ കീറോ കോറെലെവിന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് അയക്കാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വിവരങ്ങള്‍ റഷ്യന്‍ അധികൃതര്‍ക്ക് കൈമാറിയോ എന്നത് അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു.