പെണ്‍സുഹൃത്തുമായി സൗഹൃദമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഹരിയാണയില്‍ ഗുരുഗ്രാമില്‍ 15കാരന്‍ 16കാരനെ കൊലപ്പെടുത്തി. സുഹൃത്തുക്കളായിരുന്നു ഇരുവരുമെന്നാും ഇന്‍സ്റ്റഗ്രാം ചാറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 15കാരന്‍ 16കാരനായ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
ബുധനാഴ്ച രാത്രിയിലാണ് സംഭവം. പ്രതിയെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അറസ്റ്റുചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്തു.ബിയറുകഴിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി കടന്നുകളയുകയായിരുന്നു.
ഗുരുഗ്രാമിലെ സെക്ടര്‍ 40ലാണ് സംഭവം നടന്നത്. റോഡരികില്‍ ചോരയില്‍ കുളിച്ച നിലയില്‍ കൗമാരക്കാരനെ സുരക്ഷാ ജീവനക്കാരാണ് കണ്ടെത്തിയത്. പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ മധ്യപ്രദേശിലെ ഛത്തര്‍പുര്‍ സ്വദേശിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു.
ഇവരുടെ കുടുംബം 15 വര്‍ഷം മുമ്പാണ് ഗുരുഗ്രമിലേക്ക് താമസംമാറിയത്. കൊല്ലപ്പെട്ട 16കാരനും പെണ്‍കുട്ടിയുമായി ഒന്നരവര്‍ഷമായി പരിചയമുണ്ട്. അടുത്തിടെയാണ് 15കാരന്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായത്. ഇതിനിടെ കൊല്ലപ്പെട്ട കൗമാരക്കാരനും പെണ്‍കുട്ടിയുമായി സംസാരിക്കാറുണ്ടെന്ന് മനസിലാക്കിയ പ്രതിക്ക് വൈരാഗ്യം തോന്നുകയും കൊലപാതകം ആസൂത്രണം ചെയ്യുകയുമായിരുന്നു.
തുടര്‍ന്നാണ് ബിയറുകഴിക്കാന്‍ വിളിച്ചുവരുത്തി കൈയ്യില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയതെന്ന് എസിപി വരുണ്‍ ദഹിയ അറിയിച്ചു.