യുകെയിലെ വിദേശ കെയറര്‍മാര്‍ അനുഭവിക്കുന്ന അനിശ്ചിതാവസ്ഥയുടെ ഉത്തമ ഉദാഹരണമായി ഒരു ആത്മഹത്യാ ശ്രമം. 2021ല്‍ ഇന്ത്യയില്‍ നിന്നും യുകെയിലെത്തിയ 31-കാരി റോന്‍ഡാ മൈസ്ടിഷിന്റെ ആത്മഹത്യാ ശ്രമത്തെ കുറിച്ചാണ് ബ്രിട്ടനിലെ കോടതി തന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
ഹോം ഓഫീസില്‍ നിന്നും വിസാ കാലാവധി അവസാനിക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്ന കത്ത് ലഭിച്ചതോടെയാണ് കെയററുടെ മാനസിക നില കൈവിട്ട് പോയത്. ഇവര്‍ തന്റെ പിഞ്ചുകുഞ്ഞുങ്ങളുമായാണ് ആത്മഹത്യ ചെയ്യാന്‍ പോയത്. സൗത്താംപ്ടണിലെ കോബ്‌ഡെന്‍ പാലത്തിന് സമീപത്തുള്ള ഇച്ചെന്‍ നദിയിലാണ് യുവതി കുഞ്ഞുങ്ങളുമായി പ്രവേശിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26-നായിരുന്നു സംഭവം. തണുത്തുറഞ്ഞ വെള്ളത്തിലേക്ക് ഇവര്‍ ഇറങ്ങിപ്പോകുന്നത് രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ശ്രദ്ധിക്കുകയും ഇവര്‍ വഴിയാത്രക്കാരെ വിവരം അറിയിക്കുകയുമായിരുന്നു. ഒരാള്‍ വെള്ളത്തില്‍ ഇറങ്ങാന്‍ തയ്യാറായി യുവതിക്ക് അരികിലേക്ക് നീന്തിയെത്തിയതോടെ കുഞ്ഞുങ്ങളെ കൈമാറാന്‍ ഇവര്‍ തയ്യാറായി.
എന്നാല്‍ തന്നെ രക്ഷിക്കാന്‍ തിരിച്ചുവരേണ്ടെന്ന് റോന്‍ഡ പറഞ്ഞു. ഇതിനിടെ നദിയിലൂടെ പോയ ബോട്ടിലുള്ളവര്‍ തുഴഞ്ഞ് അരികിലെത്തുകയും, പറഞ്ഞ് സമാധാനിപ്പിച്ച് രക്ഷപ്പെടുത്തുകയുമായിരുന്നു. ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. യുവതി വിസ സംബന്ധിച്ച് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
രണ്ടര വര്‍ഷത്തെ വിസയിലാണ് യുകെയില്‍ എത്തിയതെങ്കിലും സ്‌പോണ്‍സര്‍ഷിപ്പ് പുതുക്കാന്‍ 20,000 പൗണ്ട് നല്‍കണമെന്ന് തൊഴിലുടമ ആവശ്യപ്പെട്ടു. പണമായി ലഭിച്ചില്ലെങ്കില്‍ വിസ റദ്ദാക്കുമെന്നും ഭീഷണിപ്പെടുത്തി. 2023 സെപ്റ്റംബറില്‍ ഹോം ഓഫീസിന്റെ അറിയിപ്പിലാണ് സ്‌പോണ്‍സര്‍ഷിപ്പ് റദ്ദായെന്ന് ഇവര്‍ അറിയുന്നത്. ഇതിനൊടുവിലാണ് മാനസികമായി തകര്‍ന്ന് ആത്മഹത്യാശ്രമം നടത്തിയത്.
സംഭവത്തില്‍ കെയററെ ജയിലിലേക്ക് അയയ്ക്കുന്നില്ലെന്ന് വ്യക്തമാക്കിയ ജഡ്ജ് സുപ്രധാന ജോലി ചെയ്യാനെത്തുന്ന ആളുകള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് വിസകള്‍ക്കായി പണം നല്‍കാനുള്ള ഇത്തരം സമ്മര്‍ദങ്ങളുടെ നേര്‍ചിത്രമാണ് ഈ സംഭവം വിവരിക്കുന്നതെന്ന് ജഡ്ജ് വ്യക്തമാക്കി.