ഞായറാഴ്ച രാത്രി 8 മണിക്കാണ് സ്‌പെയിന് എതിരായ ഇംഗ്ലണ്ടിന്റെ യൂറോ കപ്പ് 2024 ഫൈനല്‍. രാജ്യം സുപ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എത്തിച്ചേരുന്നത് ഇത് മൂന്നാം തവണയാണ്. കഴിഞ്ഞ വട്ടം യൂറോപ്പിന്റെ തലതൊട്ടപ്പന്‍മാരാകുന്നതിന് അരികില്‍ വരെ എത്തിയ ശേഷം പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇംഗ്ലണ്ട് റണ്ണര്‍അപ്പായത്.
ഇക്കുറി കപ്പടിച്ചാല്‍ ഇംഗ്ലണ്ടില്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അവധി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇത് മൂലം രാത്രിയില്‍ ഫൈനല്‍ വീക്ഷിച്ച ശേഷം ക്ഷീണം മാറ്റാന്‍ കിടന്നുറങ്ങിയ ശേഷം തിങ്കളാഴ്ച അല്‍പ്പം വൈകി ക്ലാസില്‍ എത്തിയാല്‍ മതിയെന്നാണ് പ്രധാന അധ്യാപകരുടെ നിലപാട്.
രോഷാകുലമായ രാജ്യത്തിന് താല്‍ക്കാലിക ആഹ്ലാദം സമ്മാനിക്കാന്‍ ഇക്കുറി കപ്പ് നേടണമെന്നാണ് കോച്ച് ഗാരെത് സൗത്ത്‌ഗേറ്റ് വ്യക്തമാക്കുന്നത്. യൂറോയുടെ ആദ്യ മത്സരങ്ങളില്‍ ഡെന്‍മാര്‍ക്കിനോടും, സ്ലൊവേനിയയോടും സമനില വഴങ്ങിയ ഇംഗ്ലീഷ് താരങ്ങള്‍ക്ക് കാണികള്‍ കൂക്കുവിളിയാണ് സമ്മാനിച്ചത്.
ഒരു ഘട്ടത്തില്‍ സൗത്ത്‌ഗേറ്റിന് നേര്‍ക്ക് ആരാധകര്‍ ബിയര്‍ കപ്പ് പോലും എറിഞ്ഞു. ഇപ്പോള്‍ ഫൈനലിലേക്ക് എത്തിച്ചേര്‍ന്നതോടെ ആരാധകരുടെ ആവേശത്തിനും അതിരുകളില്ലാതായി. താരങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് തന്റെ ജോലിയെന്ന് കോച്ച് ഓര്‍മ്മിപ്പിക്കുന്നു.