മെല്‍ബണിലെ ഒരു വീട്ടില്‍ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിക്കെതിരെ കുറ്റം ചുമത്തി. ഇയാളുടെ കൂട്ടാളിക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
തോമസ്ടൗണിലെ വിക്ടോറിയ ഡ്രൈവിലുള്ള വീട്ടിലാണ് വ്യാഴാഴ്ച രാത്രി 8.40ഓടെ 36-കാരനെ കുത്തേറ്റ് അബോധാവസ്ഥയില്‍ പോലീസ് കണ്ടെത്തുന്നത്.
ഈ യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കാതെ വന്നതോടെ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവസ്ഥലത്ത് നിന്നും പിടിയിലായ 45-കാരന്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് മോഷണത്തിന് ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഭവനഭേദനം, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
അതേസമയം സംഭവത്തില്‍ രണ്ടാമതൊരു വ്യക്തി കൂടിയുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.