ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് യുപിഐ മുഖേന ഖത്തറിലും ഇനി പണം അടയ്ക്കാം
ഖത്തറിലെത്തുന്ന ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് ഇനി എളുപ്പത്തില്‍ യുപിഐ പേയ്‌മെന്റ് നടത്താം. ഇതുമായി ബന്ധപ്പെട്ട് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) അന്താരാഷ്ട്ര വിഭാഗമായ എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ് ലിമിറ്റഡ് (എന്‍ഐപിഎല്‍) ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ ക്യുഎന്‍ബിയുമായി യുപിഐ സേവനം ആരംഭിക്കുന്നതിന് കരാര്‍ ഒപ്പ് വെച്ചു. ക്യൂആര്‍ കോഡ് അധിഷ്ഠിത യുപിഐ പേയ്‌മെന്റ് സംവിധാനമാണ് ഖത്തറില്‍ ഒരുക്കിയിരിക്കുന്നത്.
ക്യൂഎന്‍ബി മര്‍ച്ചന്റ് നെറ്റ് വര്‍ക്ക് വഴി ഖത്തറില്‍ യുപിഐ പേയ്‌മെന്റ് നടത്താന്‍ കഴിയുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഖത്തര്‍ സന്ദര്‍ശിക്കുകയും ഖത്തറിലൂടെ കടന്നുപോകുകയും ചെയ്യുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.