കാനഡയിലേക്ക് മെച്ചപ്പെട്ട ജീവിതം അന്വേഷിച്ച് ഇറങ്ങിത്തിരിച്ച കുടിയേറ്റക്കാര്‍ക്ക് ഇരുട്ടടി സമ്മാനിച്ച് ഒരു ദശകത്തിനിടെയുള്ള ഏറ്റവും വലിയ തൊഴില്‍ പ്രതിസന്ധി.
അടുത്ത കാലത്ത് കാനഡയിലെത്തിയ കുടിയേറ്റക്കാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ജൂണ്‍ വരെ അഞ്ച് വര്‍ഷത്തിനിടെ 12.6 ശതമാനമാണ്, 10 വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശം കണക്കാണിത്. പെര്‍മനന്റ് റസിഡന്‍സി നേടുന്ന ഏറ്റവും വലിയ ജനവിഭാഗം ഇന്ത്യക്കാരുടേതായതിനാല്‍ ഇതിന്റെ തിരിച്ചടി അധികം നേരിടുന്നതും ഇന്ത്യക്കാര്‍ തന്നെ.
കാനഡ സ്വദേശികളുടെ തൊഴിലില്ലായ്മ 5.5 ശതമാനത്തിലാണ്. ഇതോടെ 2014ന് ശേഷം കുടിയേറ്റക്കാര്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്ക് വന്‍തോതില്‍ ഉയര്‍ന്നതായാണ് വ്യക്തമാകുന്നത്. ഉയര്‍ന്ന പലിശ നിരക്കുകള്‍ മൂലം ബുദ്ധിമുട്ടിലായ കാനഡയിലെ കമ്പനികള്‍ ജോലിക്കാരെ എടുക്കാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി മടി കാണിക്കുകയാണ്.