അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നേരെ വധശ്രമം. പെന്‍സില്‍വാനിയയിലെ റാലിക്കിടെയാണ് ട്രംപിന് നേരെ ആക്രമണമുണ്ടായത്. പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനിടെ വെടിയുതിര്‍ക്കുകയായിരുന്നു. ട്രംപിന്റെ വലത് ചെവിക്ക് പരുക്കേറ്റു.
ആക്രമണം ഉണ്ടായ ഉടനെ സ്‌ക്രീട്ട് സര്‍വീസ് സുരക്ഷാ സേന ഇടപെട്ട് ട്രംപിന് സുരക്ഷാ വലയം തീര്‍ത്തു. വേദിയില്‍ പരുക്കേറ്റ് വീണ ട്രംപിനെ സുരക്ഷാ സേന ഉടന്‍ സ്ഥലത്ത് നിന്നു മാറ്റി. ട്രംപ് സുരക്ഷിതനാണെന്നും സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അദ്ദേഹത്തിന്റെ വക്താവ് സ്റ്റീവന്‍ ച്യൂങ് അറിയിച്ചു.
ട്രംപിന് നേരെ വെടിയുതിര്‍ത്ത അക്രമിയെ സുരക്ഷാസേന വെടിവച്ചുകൊന്നു. റാലിയില്‍ പങ്കെടുത്ത ഒരാള്‍ കൊല്ലപ്പെട്ടതായും മറ്റൊരാള്‍ക്ക് ഗുരുതര പരുക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന്റെ പ്രാഥമിക വിവരങ്ങള്‍ പ്രസിഡന്റ് ജോ ബൈഡനെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.