രാത്രിയില്‍ ബെര്‍ലിനിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ യൂറോ കപ്പ് ഫൈലനില്‍ വിസില്‍ മുഴങ്ങാനുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ആരാധകര്‍. കാല്‍പന്തുകളിയില്‍ യൂറോപ്പിലെ കേമന്മാരെ കണ്ടെത്താനുള്ള പോരാട്ടം അന്തിമഘട്ടത്തിലെത്തുമ്പോള്‍ വമ്പന്‍മാരായ സ്‌പെയിനാണ് ഒരു ഭാഗത്തെങ്കില്‍ മറുഭാഗത്ത് ഇംഗ്ലണ്ടാണ്. തങ്ങളുടെ ആദ്യത്തെ യൂറോ കിരീടം സ്വപ്‌നം കാണുകയാണ് ഇംഗ്ലണ്ട്.
സ്‌പെയിനെ തോല്‍പ്പിച്ച് കിരീടം നേടാന്‍ കഴിഞ്ഞാല്‍ സൂപ്പര്‍ഹീറോ പരിവേഷം മാത്രമല്ല, ബാങ്ക് അക്കൗണ്ടിലേക്ക് വന്‍ തുകയും ഒഴുകിയെത്തും. കപ്പടിച്ചാല്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍താരങ്ങള്‍ക്ക് 1 ബില്ല്യണ്‍ പൗണ്ട് ലഭിക്കും. കോച്ച് ഗാരെത് സൗത്ത്‌ഗേറ്റിന് ടീമിനെ ഇത്രത്തോളം എത്തിച്ചതിന് ഇതിനകം തന്നെ 2 മില്ല്യണ്‍ പൗണ്ട് ലഭിച്ചിട്ടുണ്ട്.
സെമി ഫൈനലില്‍ നെതര്‍ലാന്‍ഡ്‌സിനെ തോല്‍പ്പിച്ചാണ് അവസാന നിമിഷം ചരിത്രപോരാട്ടത്തിനായി അവസരം കൈക്കലാക്കിയത്. ഇതോടെയാണ് ഏറെ പഴികേട്ട ഗാരെത് സൗത്ത്‌ഗേറ്റിന് ബംബര്‍ ബോണസ് കൈവന്നത്. വിമര്‍ശനങ്ങള്‍ മറികടന്നാണ് ഇംഗ്ലണ്ടിനെ അദ്ദേഹം യൂറോ ഫൈനലിലേക്ക് നയിച്ചത്.
ടൂര്‍ണമെന്റ് വിജയിച്ചാല്‍ കോച്ചിന് 4 മില്ല്യണ്‍ പൗണ്ട് ബോണസാണ് ലഭിക്കുക. ഫൈനലില്‍ എത്തിയതോടെ ഇതിന്റെ പകുതി അദ്ദേഹത്തിന് ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെര്‍ലിനില്‍ സ്‌പെയിനെ മറികടക്കാന്‍ കഴിഞ്ഞാല്‍ താരങ്ങള്‍ക്ക് എല്ലാവര്‍ക്കുമായി 1 ബില്ല്യണ്‍ പൗണ്ടാണ് പങ്കുകിട്ടുക.
ബൈസിക്കിള്‍ കിക്ക് അടിച്ച് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ച മധ്യനിരക്കാരന്‍ ജൂഡ് ബെല്ലിംഗ്ഹാമിനാകും ഏറ്റവും വലിയ നേട്ടം. 400 മില്ല്യണ്‍ പൗണ്ട് മൂല്യത്തിലേക്ക് ഈ 21-കാരനായ താരം വളരും. ഹാരി കെയിന്‍, ബുകായോ സാക, ഫില്‍ ഫോഡെന്‍, കോള്‍ പാമര്‍, കോബി മെയ്‌നൂ എന്നിവര്‍ക്ക് 100 മില്ല്യണ്‍ പൗണ്ട് വീതം ലഭിക്കുമെന്നും ബ്രാന്‍ഡ് വിദഗ്ധര്‍ പ്രവചിക്കുന്നു.