ട്രംപിന് നേരെയുണ്ടായ വധശ്രമം; ഇരുപതുകാരന്റെ ചിത്രം പുറത്തുവിട്ട് അന്വേഷണ ഏജന്‍സി ; പ്രതി റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗത്വമുള്ളയാള്‍

ട്രംപിന് നേരെയുണ്ടായ വധശ്രമം; ഇരുപതുകാരന്റെ ചിത്രം പുറത്തുവിട്ട് അന്വേഷണ ഏജന്‍സി ; പ്രതി റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗത്വമുള്ളയാള്‍
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെംപിന് നേരെ വധശ്രമം നടത്തിയ ഇരുപതുകാരന്റെ ചിത്രം പുറത്തുവിട്ട് അന്വേഷണ ഏജന്‍സി. തോമസ് മാത്യു ക്രൂക്കിന്റെ ചിത്രമാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ പുറത്തുവിട്ടത്. പെന്‍സില്‍വാനിയയിലെ ബെതല്‍ പാര്‍ക്ക് സ്വദേശിയാണ് ഇയാള്‍. ഇയാളുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് എ.ആര്‍15 സെമി ഓട്ടോമാറ്റിക് റൈഫിള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളുടെ വോട്ടര്‍ രജിസ്‌ട്രേഷന്‍ കാര്‍ഡും കണ്ടെത്തിയിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായാണ് ഇയാള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ എന്തിനാണ് ഇയാള്‍ വെടിയുതിര്‍ത്തെന്നത് വ്യക്തമല്ല. പൊതുവെ നിശബ്ദനായ, ഏകാന്തത ഇഷ്ടപ്പെട്ടിരുന്ന ക്രൂക്ക് 2022ല്‍ ബെഥേല്‍ പാര്‍ക്ക് ഹൈസ്‌കൂളില്‍ നിന്ന് ബിരുദം നേടിയിരുന്നു. കൂടാതെ നാഷണല്‍ മാത്ത് ആന്റ് സയന്‍സ് ഇനിഷ്യേറ്റീവില്‍ നിന്ന് 'സ്റ്റാര്‍ അവാര്‍ഡ്' ലഭിച്ചിട്ടുണ്ട്. ബിരുദം നേടിയ ശേഷം നഴ്‌സിങ് ഹോമില്‍ ജോലി ചെയ്തു വരികയായിരുന്നു.

പ്രാദേശിക സമയം ശനിയാഴ്ച രാവിലെ പെന്‍സില്‍വാനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ ട്രംപിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ട്രംപിന്റെ വലതുചെവിക്ക് പരിക്കേറ്റിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഉടന്‍ തന്നെ ട്രംപിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വലതുചെവിയുടെ മുകള്‍ഭാഗത്തായാണ് തനിക്ക് വെടിയേറ്റതെന്നും വെടിയൊച്ച കേട്ടപ്പോള്‍ തന്നെ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായെന്നും ട്രംപ് അമേരിക്കന്‍ സാമൂഹ്യമാധ്യമമായ 'ട്രൂത്ത് സോഷ്യലി'ല്‍ കുറിച്ചു.

ട്രംപിന് നേരെയുണ്ടായ വെടിവയ്പ്പിനെ അപലപിച്ച് പ്രസിഡന്റ് ജോ ബൈഡന്‍, മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ്ജ് ഡബ്ല്യു ബുഷ്, ബരാക് ഒബാമ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. അമേരിക്കയില്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ഇത് ക്ഷമിക്കാന്‍ കഴിയില്ലെന്നും ബൈഡന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends