കരുണാകരനെ നരസിംഹറാവു ചതിച്ചു, കൂടുതല്‍ ഗവേഷണം പാര്‍ട്ടിയെ ബാധിക്കും'; ചാരക്കേസ് പൊലീസ് കെട്ടിച്ചമച്ചതെന്ന സിബിഐ കുറ്റപത്രം പുറത്തുവന്നതിന് പിന്നാലെ തുറന്നടിച്ച് മുരളീധരന്‍

കരുണാകരനെ നരസിംഹറാവു ചതിച്ചു, കൂടുതല്‍ ഗവേഷണം പാര്‍ട്ടിയെ ബാധിക്കും'; ചാരക്കേസ് പൊലീസ് കെട്ടിച്ചമച്ചതെന്ന സിബിഐ കുറ്റപത്രം പുറത്തുവന്നതിന് പിന്നാലെ തുറന്നടിച്ച് മുരളീധരന്‍
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ കരുണാകരനെ പി വി നരസിംഹാവു ചതിച്ചെന്ന് ചാരക്കേസില്‍ തുറന്നടിച്ച് കെ മുരളീധരന്‍. അന്നത്തെ പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ക്ക് പിന്നില്‍ പി വി നരസിംഹ റാവുവായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. ആയുധം ആരുടെ കയ്യില്‍ കൊടുത്താലും പ്രയോഗിക്കുമെന്നും എല്‍ഡിഎഫിനെ ന്യായീകരിച്ച് മുരളീധരന്‍ പറഞ്ഞു.

എല്‍ഡിഎഫിനെ കുറ്റം പറയാന്‍ കഴിയില്ല. കൂട്ടത്തിലെ ഒരാള്‍ക്കെതിരെ ആയുധം ഏല്‍പ്പിച്ചാല്‍ ആയുധം എതിരാളികള്‍ നന്നായി പ്രയോഗിക്കും. ചാരക്കേസില്‍ കൂടുതല്‍ ഗവേഷണം നടത്തിയാല്‍ കേരളത്തില്‍ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാകും. പാര്‍ട്ടിയുടെ ഭാവിയെ ബാധിക്കും എന്നതുകൊണ്ടാണ് നിശബ്ദത പാലിക്കുന്നത്. ഗൂഢാലോചന കേസിലെ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ സത്യം തുറന്നു പറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

ചാരക്കേസ് പൊലീസ് കെട്ടിച്ചമച്ചതെന്ന സിബിഐ കുറ്റപത്രം പുറത്തുവന്നതിന് പിന്നാലെയാണ് കെ മുരളീധരന്റെ പ്രതികരണം. കേസ് അന്ന് സിഐ ആയിരുന്ന എസ് വിജയന്റെ സൃഷ്ടിയാണെന്നും ഹോട്ടലില്‍ വെച്ച് വിജയന്‍ മറിയം റഷീദയെ കടന്നുപിടിച്ചപ്പോള്‍ തടഞ്ഞതാണ് വിരോധമെന്നും കുറ്റപത്രത്തില്‍ പറയുന്നു. മറിയം റഷീദയെ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതി വീണ്ടും കസ്റ്റഡിയില്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിച്ച സിബിഐ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

മുന്‍ പൊലീസ് ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരും അടക്കം അഞ്ച് പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മുന്‍ എസ്പി എസ് വിജയന്‍, മുന്‍ ഡിജിപി സിബി മാത്യൂസ്, മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍, എസ് കെ കെ ജോഷ്വാ, മുന്‍ ഐ ബി ഉദ്യോഗസ്ഥന്‍ ജയപ്രകാശ് എന്നിവരാണ് പ്രതികള്‍. മറിയം റഷീദയെ അന്യായമായി തടങ്കലില്‍ വെക്കുകയും ഐബിയെ ചോദ്യം ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. കുറ്റസമ്മതം നടത്താന്‍ മറിയം റഷീദയെ കസ്റ്റഡിയില്‍ വെച്ച് പീഡിപ്പിച്ചു. കേസിലെ രണ്ടാം പ്രതിയായ സിബി മാത്യൂസ് തെളിവുകളൊന്നുമില്ലാതെയാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ചാരവൃത്തി നടത്തിയെന്ന് എഴുതിചേര്‍ത്ത കേസില്‍ തെളിവില്ല. പ്രതി ചേര്‍ത്തവരുടെ വീട്ടില്‍ നിന്നും ഒന്നും കണ്ടെത്തിയില്ല. ബോസിന് വേണ്ടി വ്യാജ രേഖകള്‍ ഉണ്ടാക്കിയത് അന്വേഷണ സംഘത്തിലുണ്ടായിരുന്ന സി ഐ കെകെ ജോഷ്യയായിരുന്നുവെന്നുമാണ് സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.

Other News in this category



4malayalees Recommends