വര്‍ഗ്ഗീയ സംഘര്‍ഷ സാധ്യത ; ജലാഭിഷേക് യാത്രയില്‍ നൂഹില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം

വര്‍ഗ്ഗീയ സംഘര്‍ഷ സാധ്യത ;  ജലാഭിഷേക് യാത്രയില്‍ നൂഹില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം
ഹരിയാനയില്‍ ബ്രജ് മണ്ഡല്‍ ജലാഭിഷേക് യാത്രയുടെ പശ്ചാത്തലത്തില്‍ ഹരിയാനയിലെ നൂഹ് ജില്ലയില്‍ കര്‍ശന നിയന്ത്രണം. ജില്ലയില്‍ ഒരു ദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധനമേര്‍പ്പെടുത്തി. കൂട്ടമായുള്ള എസ്എംഎസുകള്‍ക്കും നിയന്ത്രണമുണ്ട്. കഴിഞ്ഞ വര്‍ഷം ജലാഭിഷേക് യാത്രക്കിടെ വലിയ സംഘര്‍ഷമുണ്ടായിരുന്നു. ഇത്തവണയും സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ഹരിയാന സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിച്ചത്.

വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് ആറ് മുതല്‍ തിങ്കളാഴ്ച വൈകീട്ട് ആറ് വരെയാണ് ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുന്നത്.

യാത്ര കടന്നുപോകുന്ന വഴിയിലെ മത്സ്യവും മാംസവും വില്‍ക്കുന്ന കടകള്‍ അടച്ചിടാനും പൊലീസ് നിര്‍ദേശിച്ചു. നിരീക്ഷണത്തിനായി സിസിടിവി ക്യാമറകളും ഡ്രോണുകളും തയ്യറാക്കിയിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നൂഹ് ജില്ലയിലെ നല്‍ഹാര്‍ ക്ഷേത്രത്തില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്.

ജൂലൈ 31ന് നൂഹില്‍ ഉണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. 88 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നൂഹില്‍ നിന്ന് വളരെ വേഗം ഗുര്‍ഗ്രാം അടക്കമുള്ള ഇടങ്ങളിലേക്ക് സംഘര്‍ഷം പടര്‍ന്നിരുന്നു. വിഎച്ച്പി സംഘടിപ്പിച്ച ശോഭായാത്രയില്‍ മോനു മനേസര്‍ പങ്കെടുക്കുമെന്ന അഭ്യൂഹങ്ങളാണ് നൂഹിലെ സംഘര്‍ഷങ്ങള്‍ക്ക് വഴി തെളിച്ചത്. ഭിവാനിയില്‍ പശു മോഷണം ആരോപിച്ച് രണ്ട് രാജസ്ഥാന്‍ സ്വദേശികളെ കൊന്ന കേസില്‍ ഒളിവിലായിരുന്ന മോനു മനേസര്‍ സോഷ്യല്‍ മീഡിയയിലൂടെ ശോഭായാത്രയില്‍ പങ്കെടുക്കുമെന്ന് പ്രചരിക്കുകയായിരുന്നു. പിന്നാലെ ഹരിയാന കണ്ട വലിയ സംഘര്‍ഷമാണ് നൂഹിലുണ്ടായത്.

Other News in this category



4malayalees Recommends