കന്‍വാര്‍ യാത്ര: പള്ളിയും ശവകുടീരവും തുണികൊണ്ട് കെട്ടിമറച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ; വിവാദം

കന്‍വാര്‍ യാത്ര: പള്ളിയും ശവകുടീരവും തുണികൊണ്ട് കെട്ടിമറച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ; വിവാദം
ഉത്തര്‍പ്രദേശില്‍ ഭക്ഷണശാലകളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവ് വിവാദമായതിന് പിന്നാലെ ഉത്തരാഖണ്ഡില്‍ കന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ട് പുതിയ വിവാദം. കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴിയിലെ ഒരു പള്ളിയും ശവകുടീരവും കെട്ടിമറച്ചതാണ് വിവാദമായിരിക്കുന്നത്. നടപടി വിമര്‍ശനത്തിന് ഇടയാക്കിയതോടെ കെട്ടിമറച്ച വെള്ളത്തുണി അഴിച്ചുമാറ്റി.

ആര്യനഗറിന് സമീപത്തെ ഇസ്ലാം നഗര്‍ പള്ളിയും എലിവേറ്റണ്ട ബ്രിഡ്ജിലെ ഒരു പള്ളിയും ശവകുടീരവും മറയ്ക്കാന്‍ അധികൃതര്‍ ഉത്തരവിടുകയായിരുന്നു. കന്‍വാര്‍ യാത്ര സുഖമമായി നടത്താനും പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഒഴിവാക്കാനുമാണ് നടപടിയെന്നാണ് ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജ് പ്രതികരിച്ചത്.

വിവാദ നടപടിക്കെതിരെ ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് രംഗത്തെത്തി. 'വഴിയില്‍ അമ്പലവും പള്ളിയും മുസ്ലിം പള്ളിയുമെല്ലാം ഉണ്ടാകും. അതാണ് ഇന്ത്യ. മറ്റൊരു വിശ്വാസത്തിന്റെയോ മതസ്ഥലത്തിന്റെയോ നിഴല്‍ അവരുടെമേല്‍ വീഴുന്നത് ഒഴിവാക്കാന്‍ കന്‍വാര്‍ യാത്രക്കാര്‍ അത്രയ്ക്ക് ഇടുങ്ങിയ ചിന്താഗതിക്കാരാണോ' റാവത്ത് ചോദിച്ചു.

നടപടിയില്‍ എതിര്‍പ്പ് അറിയിച്ച് പള്ളിയുമായി ബന്ധപ്പെട്ട ആളുകള്‍ രംഗത്തെത്തി. തങ്ങളെ അറിയിക്കാതെയാണ് അധികൃതര്‍ പള്ളിയും ശവകുടീരവും കെട്ടിമറച്ചതെന്ന് ശവകുടീരവുമായി ബന്ധപ്പെട്ട ഷക്കീല്‍ അഹമ്മദ് എന്നയാള്‍ പറഞ്ഞു.

'കഴിഞ്ഞ 40 വര്‍ഷമായി കന്‍വാര്‍ തീര്‍ത്ഥാടകരുമായി ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ എന്താണിങ്ങനെ എന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. ഒരിക്കലും ഇവിടെ പ്രശ്‌നമുണ്ടായിട്ടില്ല. വിശ്വാസികള്‍ വരും വിശ്രമിക്കും സമാധാനമായി പോകും'; ഷക്കീല്‍ പറഞ്ഞു.
Other News in this category



4malayalees Recommends