സോളാര്‍ കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ ശ്രമിച്ചു, 33 ലക്ഷത്തിന് വാങ്ങിയ ഫ്‌ലാറ്റ് പത്ത് ദിവസത്തിന് ശേഷം 69 ലക്ഷത്തിന് വിറ്റു ; എഡിജിപിയ്‌ക്കെതിരെ പി വി അന്‍വര്‍ എംഎല്‍എ

സോളാര്‍ കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ ശ്രമിച്ചു, 33 ലക്ഷത്തിന് വാങ്ങിയ ഫ്‌ലാറ്റ് പത്ത് ദിവസത്തിന് ശേഷം 69 ലക്ഷത്തിന് വിറ്റു ; എഡിജിപിയ്‌ക്കെതിരെ പി വി അന്‍വര്‍ എംഎല്‍എ
എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ആരോപണം തുടര്‍ന്ന് പിവി അന്‍വര്‍ എംഎല്‍എ. എഡിജിപി കള്ളപണം സമ്പാദിച്ചതിന് തെളിവുണ്ടെന്ന് പിവി അന്‍വര്‍ പറഞ്ഞു. സോളാര്‍ കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ ശ്രമിച്ചെന്നും പ്രതികളില്‍ നിന്ന് പണം വാങ്ങിയെന്നും പിവി അന്‍വര്‍ ആരോപിച്ചു. സോളാര്‍ കേസ് അട്ടിമറിക്കാന്‍ കിട്ടിയ പണം ഉപയോഗിച്ച് എഡിജിപി ഫ്‌ലാറ്റ് വാങ്ങിയെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

എഡിജിപി കവടിയാറില്‍ ഫ്‌ലാറ്റ് വാങ്ങി. 2016 ഫെബ്രുവരി 19 ന് വാങ്ങിയെന്നും അതേ മാസം തന്നെ ഫ്‌ലാറ്റ് വിറ്റെന്നും പിവി അന്‍വര്‍ പറയുന്നു. 33 ലക്ഷത്തിന് വാങ്ങിയ ഫ്‌ലാറ്റ് പത്ത് ദിവസത്തിന് ശേഷം 69 ലക്ഷത്തിന് വിറ്റു. ഫ്‌ലാറ്റ് വാങ്ങിയതില്‍ ടാക്‌സ് വെട്ടിച്ചു. സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കുന്നതില്‍ ക്രമക്കേട് നടത്തി. നാല് ലക്ഷത്തോളം രൂപ ക്രമക്കേട് നടത്തിയെന്ന് അന്‍വര്‍ ആരോപിച്ചു.

എഡിജിപി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് പിവി അന്‍വര്‍ പറയുന്നു. ഒന്നില്‍ കൂടുതല്‍ വീട് വാങ്ങാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അനുമതി വേണമെന്നിരിക്കെയാണ് ഫ്‌ലാറ്റ് വാങ്ങിയത്. വിഷയം വിജിലന്‍സ് അന്വേഷിക്കണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ കൂടി വിജിലന്‍സ് അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും ഇന്ന് തന്നെ കത്ത് നല്‍കുമെന്ന് അന്‍വര്‍ വ്യക്തമാക്കി. കാണാതായ മാമിടെ പക്കല്‍ എഡിജിപിയുടെ പണം ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.

പൂരം കലക്കിച്ചതാണെന്നും എഡിജിപി ഗൂഢാലോചന നടത്തിയെന്നും ഗുരുതര ആരോപണങ്ങളാണ് ഇന്നും അന്‍വര്‍ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയില്‍ നിന്ന് ഇന്ന് നീതി പ്രതീക്ഷിക്കുന്നുണ്ടെന്ന് പിവി അന്‍വര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി എന്തിന് പ്രതിരോധത്തിലാകണമെന്നും അങ്ങനെ ഒരു വിഷയം ഉദിക്കുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് പി.ശശിയാണെന്നും പി.ശശി മുന്നണിയെ പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം ആരോപിച്ചു. പി.ശശിയ്ക്ക് വേറെ അജണ്ടയുണ്ടെന്നും അന്‍വര്‍ വിമര്‍ശിച്ചു.

Other News in this category



4malayalees Recommends