നടിമാര്‍ എന്റെ മുറിയില്‍ വന്ന് തട്ടിയിട്ടുണ്ട്, പിന്നെ എങ്ങനെയാണ് ഇംഗിതം അറിയിക്കുന്നത്? വിവാദമായി കൊല്ലം തുളസിയുടെ വാക്കുകള്‍

നടിമാര്‍ എന്റെ മുറിയില്‍ വന്ന് തട്ടിയിട്ടുണ്ട്, പിന്നെ എങ്ങനെയാണ് ഇംഗിതം അറിയിക്കുന്നത്? വിവാദമായി കൊല്ലം തുളസിയുടെ വാക്കുകള്‍
നടന്‍മാര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ നടിമാര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടന്‍ കൊല്ലം തുളസി. കിടപ്പറയിലേക്ക് പുരുഷന്മാര്‍ സ്ത്രീകളെ വിളിക്കുന്നതില്‍ എന്താണ് തെറ്റ് എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കൊല്ലം തുളസി ചോദിക്കുന്നത്. തനിക്കെതിരെ ഒരു നടിയും ആരോപണവുമായി എത്തില്ല എന്നും കൊല്ലം തുളസി വ്യക്തമാക്കുന്നുണ്ട്. സമ്മതമില്ലെങ്കില്‍ അപ്പോള്‍ തന്നെ പ്രതികരിക്കണം. ചെവിക്കുറ്റിക്ക് അടിക്കണം. എട്ട് വര്‍ഷം കഴിഞ്ഞ് സമ്മതമില്ലാതെയാകുന്നത് എങ്ങനെയാണ് എന്നാണ് കൊല്ലം തുളസി ചോദിക്കുന്നത്.

കൊല്ലം തുളസിയുടെ വാക്കുകള്‍:

കിടപ്പറയിലേക്ക് പുരുഷന്മാര്‍ സ്ത്രീകളെ വിളിക്കുന്നതില്‍ എന്താണ് തെറ്റ്. പശുവിനേയോ എരുമയേയോ വിളിക്കാന്‍ പറ്റില്ലല്ലോ. പുരുഷന്മാര്‍ക്ക് കിടപ്പറ പങ്കിടണമെങ്കില്‍ സ്ത്രീകളെ വിളിക്കണം. സ്ത്രീകള്‍ക്ക് കിടപ്പറ പങ്കിടണമെങ്കില്‍ പുരുഷന്മാരെ വിളിക്കണം. സ്ത്രീയെ ജനിപ്പിച്ചത് എന്തിനാണ്? ആദം-ഹവ്വ ചരിത്രം എടുത്ത് നോക്ക്. പുരുഷന്റെ സുഖ ജീവിതത്തിനും എല്ലാ സൗകര്യങ്ങള്‍ക്കും വേണ്ടി സഹായിക്കാനും സഹകരിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാനും വേണ്ടിയാണ് വാരിയെല്ലില്‍ നിന്ന് അസ്ഥിയെടുത്ത് ഒരു സ്ത്രീയെ സൃഷ്ടിച്ചത്. സ്ത്രീയെന്ന് പറയുന്നത് പുരുഷന്റെ ഭാഗമാണ്. പുരുഷന്മാര്‍ക്ക് അപ്പുറം വന്നിട്ടുണ്ട് സ്ത്രീ. ഇല്ലെന്ന് ഞാന്‍ പറയുന്നില്ല.

പക്ഷെ എന്തായാലും പുരുഷന്റെ ഒരു അരയടി താഴെയായിരിക്കണം സ്ത്രീ. ഗര്‍ഭം ധരിക്കാനും പ്രസവിക്കാനുമുള്ള അവകാശവും അധികാരവും സ്ത്രീകള്‍ക്ക് കിട്ടിയതുകൊണ്ടാണ് കൂടെ കിടന്നാലെ അവസരം കിട്ടു എന്നൊക്കെയുള്ള കാര്യങ്ങള്‍ നടക്കുന്നത്. നേരെ മറിച്ച് പുരുഷന്മാര്‍ക്ക് ആയിരുന്നുവെങ്കിലും ഇത് തന്നെ സംഭവിച്ചേനെ. പുരുഷന്മാര്‍ക്ക് ഒറ്റയ്ക്ക് നടക്കാന്‍ പറ്റുമായിരുന്നില്ല. പുരുഷന്മാരുടെ മുറിയില്‍ സ്ത്രീകള്‍ പോയി മുട്ടിയേനെ. ഇതൊക്കെ സ്വാഭാവികമായ പരിണാമത്തിന്റേതാണ്. ചരിത്രം പഠിച്ചാല്‍ ഇതൊക്കെ എവിടെയെങ്കിലുമൊക്കെ കാണും. പരിശുദ്ധനായ ഒറ്റ ദൈവം പോലും നമുക്കില്ല. ബാക്കിയെല്ലാം നമ്മളെ വിശ്വസിപ്പിച്ചിരിക്കുന്നതാണ്.

ഒരു നടിയും എനിക്കെതിരെ ആരോപണം ഒന്നും പറയില്ല. ഞാന്‍ പേടിക്കേണ്ട കാര്യവുമില്ല. എനിക്ക് തെറ്റായ ചിന്തായില്ലാതില്ലെന്ന് ഞാന്‍ പറയുന്നില്ല. ഞങ്ങളൊക്കെ മുഖ്യധാരയില്‍ നിന്നും മാറ്റപ്പെട്ടവരാണ്. ഞങ്ങള്‍ ചെറിയ വില്ലന്‍ വേഷങ്ങളും ആന്റി ഹീറോയുമായാണ് അഭിനയിക്കുന്നത്. ഞാന്‍ ബലാത്സംഗ സീനൊന്നും അഭിനയിച്ചിട്ടില്ല. അത്തരം സീനിലേക്ക് വിളിച്ചവരോട് മുഖത്ത് നോക്കി പറഞ്ഞിട്ടുമുണ്ട്. ഞാന്‍ ബലാത്സംഗ നടനല്ല. അതുകൊണ്ട് എനിക്ക് ഇണയെ കിട്ടിയിട്ടില്ല. ഇപ്പോള്‍ അങ്ങനെയുള്ള സീനുകള്‍ കിട്ടിയിരുന്നുവെങ്കിലെന്ന് ആഗ്രഹമുണ്ട്. പക്ഷെ എനിക്ക് തരില്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് സ്ത്രീകളുമായി ബന്ധമില്ല. പിന്നെ എങ്ങനെയാണ് ഇംഗിതം ഞങ്ങള്‍ അറിയിക്കുന്നത്.

ഇത് നായകന്മാരോടുള്ള ഇഷ്ടവും ഭ്രമവുമാണ്. സ്ത്രീകള്‍ അങ്ങോട്ട് ചെല്ലുകയാണ്. ആരോപണം ഉന്നയിച്ച നടിമാരുടെ വീട്ടിലേക്കോ മുറിയിലേക്കോ നടന്മാര്‍ ചെന്നിട്ടില്ല. സിദ്ദിഖിന്റെ മുറിയില്‍ ചെന്നതിന് വരെയെ രേഖകളുള്ളു മറ്റൊന്നിനുമില്ല. അതിനാല്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്നത് തെറ്റല്ലേ. മറ്റൊരു കുടുംബം കലക്കുകയല്ലേ. ആത്മാഭിമാനമുള്ള സ്ത്രീ ഇങ്ങനെയൊന്നും കൊണ്ടുവരില്ല. സംഭവിച്ചിരിക്കാം, ഞാന്‍ ഒന്നും ന്യായീകരിക്കുന്നില്ല. തെറ്റ് തെറ്റ് തന്നെയാണ്. എന്റെ മുറിയില്‍ നടിമാര്‍ വന്ന് തട്ടിയിട്ടുണ്ടല്ലോ. അങ്ങനെ തട്ടുന്നത് മറ്റെന്തിന് എങ്കിലും വേണ്ടിയാണെന്നതിന് തെളിവുണ്ടോ? എന്റെ കതകില്‍ തട്ടിയത് എനിക്ക് അറിയാവുന്ന ചെറുപ്പക്കാരിയായ നടിയാണ്.

എനിക്ക് അവരെ ഇഷ്ടമാണ്. വേറൊരു രീതിയിലും അല്ല. മാനസികമായി അടുപ്പം വരുമ്പോള്‍ രണ്ടുപേര്‍ ശാരീരികമായി ബന്ധപ്പെട്ടെന്ന് വരും. അത് അവരുടെ ആഗ്രഹമാണ്. മറ്റുള്ളവര്‍ക്ക് ചോദ്യം ചെയ്യേണ്ട കാര്യമില്ല. സിനിമാക്കാര്‍ക്ക് ഗ്ലാമറും പണവും ഉള്ളതുകൊണ്ട് അവരെ ഇടിച്ച് താഴ്ത്താമെന്ന് കരുതി മറ്റുള്ളവര്‍ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി ചെയ്യുന്നതാണ് ഇതെല്ലാം. അമ്മ സംഘടനയെ തകര്‍ക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണ് ഇതെല്ലാം. സമ്മതമില്ലെങ്കില്‍ അപ്പോള്‍ തന്നെ പ്രതികരിക്കണം. ചെവിക്കുറ്റിക്ക് അടിക്കണം. എട്ട് വര്‍ഷം കഴിഞ്ഞ് സമ്മതമില്ലാതെയാകുന്നത് എങ്ങനെയാണ്. ആരും അത്ര മോശക്കാരൊന്നുമല്ല.



Other News in this category



4malayalees Recommends