'വിവാദ അഭിമുഖം ഗൂഢാലോചന, മുഖ്യമന്ത്രിയുടെ ഓഫീസില്‍ അതിന് ശേഷിയുള്ളവരുണ്ട്'; പിണറായിക്കെതിരെ പി വി അന്‍വര്‍

'വിവാദ അഭിമുഖം ഗൂഢാലോചന, മുഖ്യമന്ത്രിയുടെ ഓഫീസില്‍ അതിന് ശേഷിയുള്ളവരുണ്ട്'; പിണറായിക്കെതിരെ പി വി അന്‍വര്‍
ദ ഹിന്ദു ദിനപത്രത്തിലെ മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം ഗൂഢാലോചനയെന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. മുസ്ലിം ഭൂരിപക്ഷമുള്ള ജില്ല ദേശദ്രോഹികളുടെ നാടാണ് എന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിച്ചത്. അതിന് വേണ്ടിയാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ അഭിമുഖം നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗൂഢാലോചന നടത്താന്‍ ശേഷിയുള്ളവരുണ്ട്. ബിജെപി, ആര്‍എസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയാണ് മുഖ്യമന്ത്രി ഇന്റര്‍വ്യൂ നല്‍കിയത്. മുഖ്യമന്ത്രി ആ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനം ഒഴിയണം എന്ന് പറയുന്നത് കടുപ്പിക്കുന്നതല്ല, അതാണ് മുഖ്യമന്ത്രിക്ക് നല്ലത്. ഇക്കാര്യം പാര്‍ട്ടി ആലോചിക്കട്ടെ. താനായിരുന്നു ആ സ്ഥാനത്തെങ്കില്‍ മാറി നില്‍ക്കുമായിരുന്നു. തന്റെ കൂടെ നില്‍ക്കുന്നവര്‍ എല്ലാം വര്‍ഗീയവാദികള്‍ ആണോ? ഒക്ടോബര്‍ ആറിന് മഞ്ചേരിയില്‍ ജില്ലാതല വിശദീകരണം സംഘടിപ്പിക്കും. ഒരു ലക്ഷം ആളെ പങ്കെടുക്കിപ്പിക്കും. അവരും സാമൂഹ്യ വിരുദ്ധര്‍ ആണോ എന്ന് മുഖ്യമന്ത്രി പറയണം. കുളിപ്പിച്ചു കുളിപ്പിച്ച് കുട്ടി ഇല്ലാതാകാതിരുന്നാല്‍ മതി. മുഖ്യമന്ത്രി സ്ഥാനം റിയാസിനെ ഏല്‍പ്പിക്കലാണ് ഇതിനേക്കാള്‍ നല്ലത്. ആളുകളുടെ അഭിപ്രായം മാനിച്ചാണ് വിവിധ പരിപാടികള്‍ ഒന്നാക്കിയത്. ഗൂഢലക്ഷ്യം ഇല്ലാത്തവര്‍ എന്താണ് എഡിജിപിയെ സസ്പെന്‍ഡ് ചെയ്യാത്തത്? പ്രതിപക്ഷത്തിന് ശബ്ദം ഉയര്‍ത്തി പറയാന്‍ കഴിയാത്തത് നക്‌സസിന്റെ ഭാഗമായതിനാലാണെന്നും അന്‍വര്‍ പറഞ്ഞു.

പി ആര്‍ ഏജന്‍സി ഇല്ലാ എന്നായിരുന്നു ഇതുവരെ മുഖ്യമന്ത്രി പറഞ്ഞിരുന്നത്. മിനിഞ്ഞാന്ന് ആണ് ലേഖനം വന്നത്. രാവിലെ തന്നെ പത്രം എല്ലാവര്‍ക്കും ലഭിച്ചിരുന്നു. എന്നാല്‍ ഹിന്ദുവിലെ അഭിമുഖത്തിലെ പ്രതികരണം വന്നത് ഒരു ദിവസം കഴിഞ്ഞിട്ടാണ്. തെറ്റ് പറ്റിയതെങ്കില്‍ തിരുത്താന്‍ വൈകിയത് എന്തുകൊണ്ടാണ്? എന്തുകൊണ്ട് അന്ന് തന്നെ പ്രതികരിച്ചില്ല?

മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത് പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വാര്‍ത്താ കുറിപ്പ് പോലും അതുവരെ വന്നില്ല. പ്രതികരണം വരുന്നത് 32 മണിക്കൂറിന് ശേഷമാണ്. ഹിന്ദു പത്രവുമായി അഡ്ജസ്റ്റ്‌മെന്റ് ചെയ്ത ശേഷം നടത്തിയ നാടകമാണ് ഇന്നലത്തേത്. കരിപ്പൂര്‍ എന്ന വാക്കും കോഴിക്കോട് എയര്‍പോര്‍ട്ട് എന്ന വാക്കും ഇന്നലെ ആദ്യമായി മുഖ്യമന്ത്രിയില്‍ നിന്ന് കേട്ടു. ഇന്നലെ രാത്രി എങ്കിലും മാറ്റി പറഞ്ഞതില്‍ നന്ദി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പരാജയപ്പെടാന്‍ കാരണം പോലീസും വിഷയമായി. നികുതി വര്‍ധനയും പെന്‍ഷന്‍ നല്‍കാത്തതും, വന്യജീവി പ്രശ്‌നങ്ങള്‍, രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യവും തോല്‍വിക്ക് കാരണമായി. എന്നാല്‍ അതൊന്നും നോക്കാതെയാണ് പാര്‍ട്ടി മുസ്ലീം പ്രീണനം ആണെന്ന കാരണം കണ്ടെത്തുന്നതെന്നും അന്‍വര്‍ ആരോപിച്ചു.

Other News in this category



4malayalees Recommends