ഡോക്കറ്റ് നമ്പര്‍ ഇല്ലേ ? സര്‍ക്കാര്‍ ജീവനക്കാരന്‍ എങ്ങനെ ബിസിനസ് തുടങ്ങും? പെട്രോള്‍ ഉടമ പുറത്തുവിട്ട പരാതിയിന്മേല്‍ ചോദ്യങ്ങളുയരുന്നു

ഡോക്കറ്റ് നമ്പര്‍ ഇല്ലേ ? സര്‍ക്കാര്‍ ജീവനക്കാരന്‍ എങ്ങനെ ബിസിനസ് തുടങ്ങും? പെട്രോള്‍ ഉടമ പുറത്തുവിട്ട പരാതിയിന്മേല്‍ ചോദ്യങ്ങളുയരുന്നു
കണ്ണൂരിലെ എഡിഎം കെ നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപമായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നത്. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഈ മാസം 10ന് അയച്ചതായി അവകാശപ്പെടുന്ന പരാതിയുടെ പകര്‍പ്പ് പരാതിക്കാരനായ ടിവി പ്രശാന്തന്‍ മാധ്യമങ്ങള്‍ക്ക് ഇന്നലെ കൈമാറിയിരുന്നു. എന്നാല്‍ എഡിഎമ്മിന്റെ മരണവിവരം അറിഞ്ഞ ശേഷം തട്ടിക്കൂട്ടി പരാതി ഉണ്ടാക്കി മാധ്യമങ്ങള്‍ക്ക് നല്‍കിയതാണെന്നാണ് പ്രതിപക്ഷ സംഘടനകള്‍ ഉള്‍പ്പെടെ ആരോപിക്കുന്നത്. അതിന് കാരണം ഇതൊക്കെയാണ്,

ഒന്നാമതായി പരാതി അയച്ചതിന്റെ നമ്പറോ പരാതി സ്വീകരിച്ചതായുള്ള രേഖകളോ പരാതിക്കാരന്റെ പക്കല്‍ ഇല്ലായിരുന്നു. ഇതൊന്നും കൈവശം ഇല്ലെന്ന് പരാതിക്കാരന്‍ തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു പരാതി അയയ്ക്കുന്നവര്‍ സിഎംഒ പോര്‍ട്ടലിലേക്കാണ് വിവരങ്ങള്‍ നല്‍കാറുള്ളത്. അയച്ച ഉടന്‍ പരാതി ലഭിച്ചതായി കാണിച്ച് ഡോക്കറ്റ് നമ്പര്‍ ഉള്‍പ്പെടെയുള്ള മറുപടി ഇ-മെയിലില്‍ ലഭിക്കും. പരിയാരം ഗവ. മെഡിക്കല്‍ കോളജ് ജീവനക്കാരനും സിപിഎം സര്‍വീസ് സംഘടന അംഗവുമായ പരതിക്കാരനായ പ്രശാന്തന് സിഎംഒ പോര്‍ട്ടലിനെക്കുറിച്ച് അറിയില്ലേ എന്നതും ചോദ്യമാണ്.

സര്‍ക്കാര്‍ ജീവനക്കാരനായ ഒരാള്‍ക്ക് എങ്ങനെ സംരംഭം തുടങ്ങാന്‍ സാധിക്കുമെന്നാണു മറ്റൊരു ചോദ്യം. കൈക്കൂലി നല്‍കിയെന്നു സ്വയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കണമെന്നും എന്‍ജിഒ അസോസിയേഷന്‍ ആവശ്യപ്പെടുന്നു.

പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിഷ്യനായ ഒരാള്‍ക്ക് എങ്ങനെ ഇത്രയേറെ തുക മുടക്കി പെട്രോള്‍ പമ്പ് തുടങ്ങാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയിക്കുമ്പോള്‍ തന്നെ എഡിഎം വിളിച്ചപ്പോള്‍ 6ന് ക്വാര്‍ട്ടേഴ്‌സിലെത്തി 98,500 രൂപ കൈക്കൂലി നല്‍കിയെന്നു പറയുന്നതിലും ദുരൂഹത ആരോപിക്കുന്നുണ്ട്. നവീന്‍ ബാബുവിന്റെ മരണത്തിന് ശേഷം സംഭവത്തില്‍ കണ്ണൂര്‍ കളക്ടര്‍ റവന്യൂ മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടിലും ഡിഎം കൈക്കൂലി വാങ്ങി എന്ന പരാതി റവന്യൂ വകുപ്പിന് ലഭിച്ചിട്ടില്ലെന്ന് പറയുന്നുണ്ട്.

Other News in this category



4malayalees Recommends