വിവാദങ്ങള്‍ക്ക് അവസാനം; കങ്കണയുടെ 'എമര്‍ജന്‍സി'ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്

വിവാദങ്ങള്‍ക്ക് അവസാനം; കങ്കണയുടെ 'എമര്‍ജന്‍സി'ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്
വിവാദങ്ങള്‍ക്ക് അവസാനമിട്ട് കങ്കണയുടെ 'എമര്‍ജന്‍സി' എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചിത്രത്തിന് സെന്‍സര്‍ ലഭിച്ച കാര്യം കങ്കണ വെളിപ്പെടുത്തിയത്. ''ഞങ്ങളുടെ 'എമര്‍ജന്‍സി' എന്ന സിനിമയുടെ സര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ക്ക് ലഭിച്ചു, റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും, നിങ്ങളുടെ ക്ഷമയ്ക്കും പിന്തുണയ്ക്കും നന്ദി എന്നാണ് താരം കുറിച്ചത്.

കങ്കണ റണൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിക്കാത്തതിനാല്‍ അനിശ്ചിതമായി നീളുകയായിരുന്നു. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതവും അടിയന്തരാവസ്ഥ കാലത്തെ കഥയും ഇന്ദിരയുടെ മരണവും എല്ലാം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു. പിന്നാലെയാണ് സെന്‍സര്‍ ബോര്‍ഡ് പലപ്പോഴായി ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് വൈകിപ്പിച്ചത്.

ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തിയതോടെയാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. സിനിമ നിര്‍മ്മാതാക്കള്‍ മൂന്ന് കട്ടുകള്‍ വരുത്തുകയും, ചിത്രത്തിലെ ചില വിവാദ ചരിത്ര പ്രസ്താവനകള്‍ ഫാക്ട്‌ചെക്ക് ചെയ്യണമെന്ന വ്യവസ്ഥയിലാണ് സിബിഎഫ്സിയുടെ പരിശോധനാ സമിതി ചിത്രത്തിന് 'യുഎ' സര്‍ട്ടിഫിക്കേഷന്‍ നല്‍കിയത്. അതേസമയം 1975-ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം, വിവാദപരമായ 21 മാസത്തെ ഇന്ത്യന്‍ അടിയന്തരാവസ്ഥയാണ് കഥയുടെ ഇതിവൃത്തം.

കങ്കണ റണൗട്ട് ഇന്ദിരാഗാന്ധിയുടെ വേഷം ചെയ്യുന്നു ചിത്രത്തില്‍ അടിയന്തരാവസ്ഥ, ഇന്ദിരാഗാന്ധിയുടെ വധം, 1980-കളില്‍ ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ കീഴിലുള്ള ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ ഉദയം തുടങ്ങിയ പ്രധാന ചരിത്ര സംഭവങ്ങളും ഉള്‍പ്പെടുന്നുണ്ട്. കങ്കണയുടെ മണികര്‍ണിക ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സെപ്തംബര്‍ 6 ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പുതിയ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും.

Other News in this category



4malayalees Recommends