പ്രതികള്‍ മോഷണം നടത്താനെത്തിയത് അലന്‍ വാക്കര്‍ സഞ്ചരിച്ച അതേ വിമാനത്തില്‍ ; ഫോണ്‍ മോഷണക്കേസ് പ്രതികളെ കൊച്ചിയിലെത്തിച്ചു

പ്രതികള്‍ മോഷണം നടത്താനെത്തിയത് അലന്‍ വാക്കര്‍ സഞ്ചരിച്ച അതേ വിമാനത്തില്‍ ; ഫോണ്‍ മോഷണക്കേസ് പ്രതികളെ കൊച്ചിയിലെത്തിച്ചു
അലന്‍ വാക്കറുടെ പരിപാടിയില്‍ പങ്കെടുത്തവരുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന പ്രതികള്‍ മോഷണം നടത്താനെത്തിയത് അലന്‍ വാക്കര്‍ സഞ്ചരിച്ച അതേ വിമാനത്തില്‍. അലന്‍ വാക്കര്‍ പുറത്തിറങ്ങുന്നത് വരെ കാത്തിരുന്ന പ്രതികള്‍ സെല്‍ഫിയുമെടുത്ത ശേഷമായിരുന്നു പോക്കറ്റടി തുടങ്ങിയത്. പ്രതികളുടെ മൊബൈല്‍ ഫോണില്‍ വിമാനത്തിനകത്തേയും വിമാനത്താവളത്തിലെയും ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു.

പരിപാടി നടക്കുന്ന ദിവസം ഉച്ചയോടെയാണ് പ്രതികള്‍ കൊച്ചിയിലെത്തിയത്. ഹോട്ടലില്‍ പോയി വിശ്രമിച്ച് രാത്രിയോടെ പരിപാടി നടക്കുന്ന ബോള്‍?ഗാട്ടി പാലസിലെത്തി. 2000 രൂപ വിലവരുന്ന ടിക്കറ്റ് വാങ്ങിയായിരുന്നു സംഘം പരിപാടിയ്‌ക്കെത്തിയത്. പാട്ടിന്റെ ആവേശത്തില്‍ ജനക്കൂട്ടം ആഹ്ലാദത്തിമിര്‍പ്പിലായതോടെ പ്രതികള്‍ മോഷണം ആരംഭിച്ചു. 21 ഐഫോണുകളടക്കം 36 ഫോണുകളാണ് പ്രതികള്‍ മോഷ്ടിച്ചത്. മോഷണത്തിന് പിന്നാലെ ഹോട്ടല്‍ മുറിയിലെത്തിയ പ്രതികള്‍ പിറ്റേദിവസം തന്നെ മുംബൈയിലേക്ക് മടങ്ങി.

ഫോണുകള്‍ നഷ്ടപ്പെട്ടെന്ന് കാട്ടി നിരവധി പരാതികള്‍ ലഭിച്ചതോടെയാണ് കൂട്ടകവര്‍ച്ച നടന്നതായി പൊലീസ് തിരിച്ചറിയുന്നത്. പിന്നാലെ നഷ്ടപ്പെട്ട ഫോണുകളുടെ ഐഡി ട്രാക്ക് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. നാല് പേരാണ് പൊലീസിന്റെ പിടിയിലായത്.

ഇതില്‍ ഭോല യാദവ്, ശ്യാം ബരന്‍വാള്‍ എന്നിവരെ അന്വേഷണത്തിനായി കൊച്ചിയില്‍ എത്തിച്ചിട്ടുണ്ട്. ശ്യാം ബരന്‍വാലളിനെ കട്ടിലിന് അടിയിലെ അറയില്‍ നിന്നാണ് കണ്ടെത്തിയത്. മുംബൈയിലെത്തിയ സിറ്റി പൊലീസ് മുംബൈ പൊലീസിനൊപ്പമാണ് പ്രതികളെ പിടികൂടാനെത്തിയത്. ഭോല യാദവിന്റെ വീട്ടിലായിരുന്നു പൊലീസ് ആദ്യമെത്തിയത്. അകത്തുനിന്നും പൂട്ടിയ വാതില്‍ തുറക്കാന്‍ പ്രതികള്‍ തയ്യാറാകാതിരുന്നതോടെ ഇവര്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറുകയായിരുന്നു.

ഫോണ്‍ പാര്‍ട്‌സ് ആക്കി വില്‍പന നടത്താനായിരുന്നു സംഘത്തിന്റെ നീക്കം. കണ്ടെത്തിയ മൊബൈല്‍ ഫോണില്‍ നിന്നും ഡാറ്റ ചോര്‍ത്തിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Other News in this category



4malayalees Recommends