കന്നിയങ്കത്തിനായി പ്രിയങ്ക ഇന്ന് വയനാട്ടില്‍; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഖാര്‍ഗെയ്ക്കും സോണിയക്കും രാഹുലിനുമൊപ്പം

കന്നിയങ്കത്തിനായി പ്രിയങ്ക ഇന്ന് വയനാട്ടില്‍; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഖാര്‍ഗെയ്ക്കും സോണിയക്കും രാഹുലിനുമൊപ്പം
വയനാട് ഉപതിരഞ്ഞെടുപ്പിലെ കന്നിയങ്ക പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. കോണ്‍ഗ്രസിന്റെ തട്ടകമായ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം വൈകുന്നേരത്തോടെയായിരിക്കും പ്രിയങ്ക ഗാന്ധിയെത്തുക. ഇന്ന് മൈസൂരില്‍ നിന്ന് റോഡ് മാര്‍ഗമാണ് ഇരു നേതാക്കളും പ്രചാരണത്തിനെത്തുന്നത്.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും എത്തും. രണ്ട് കിലോമീറ്റര്‍ റോഡ്‌ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമര്‍പ്പണം. രാവിലെ 11 ന് കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയില്‍ നേതാക്കള്‍ എല്ലാം അണിനിരക്കും.

മണ്ഡലം രൂപീകൃതമായ ശേഷം കോണ്‍ഗ്രസിനൊപ്പമാണ് വയനാട്. കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു. വയനാടിന് സുപരിചിതയായ പ്രിയങ്കയെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ തന്നെ വിജയിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എട്ടര വര്‍ഷത്തിന് ശേഷമാണ് സോണിയ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്. പത്ത് ദിവസം പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക വയനാട്ടിലുണ്ടാകും.

അതേസമയം വയനാട് തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി പ്രചാരണവുമായി മുന്നോട്ടു പോവുകയാണ്. പ്രിയങ്ക കൂടി എത്തുന്നതോടെ റോഡ് ഷോ നടത്തി നവ്യയെ സ്വീകരിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളിലാണ് ബിജെപി.

Other News in this category



4malayalees Recommends