നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കളക്ടര്‍

നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കളക്ടര്‍
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച വിവാദ യാത്രയയപ്പ് യോഗത്തിലേക്ക് മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് ആവര്‍ത്തിച്ച് ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍. നവീന്‍ ബാബുവിനെതിരായ ആരോപണത്തെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നില്ല. നവീന്‍ ബാബുവുമായി ഉണ്ടായിരുന്നത് നല്ല ബന്ധമാണെന്നും കളക്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. യോഗത്തിന് മുന്‍പ് ദിവ്യ വിളിച്ചിരുന്നുവെന്നും കോള്‍ രേഖകള്‍ ഉള്‍പ്പെടെ അന്വേഷണ സംഘത്തില്‍ കൈമാറിയെയെന്നും അരുണ്‍ കെ വിജയന്‍ കൂട്ടിച്ചേര്‍ത്തു. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇന്നലെ കളക്ടറുടെ മൊഴിയെടുത്തിരുന്നു. രാത്രി ഔദ്യോഗിക വസതിയില്‍ എത്തിയായിരുന്നു മൊഴിയെടുപ്പ്.

അതിനിടെ, നവീന്‍ ബാബു കണ്ണൂര്‍ ചെങ്ങളായിലെ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഫയല്‍ ബോധപൂര്‍വം വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നാണ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ കണ്ടെത്തല്‍.

Other News in this category



4malayalees Recommends