ഒരിക്കലും പിരിയില്ലെന്ന് പറഞ്ഞ് ഒരേ കോളേജില്‍ ചേര്‍ന്നു, മരണത്തിലും ഒപ്പം; സഹോദരങ്ങളുടെ മക്കളുടെ മരണത്തില്‍ വേദനയോടെ നാട്

ഒരിക്കലും പിരിയില്ലെന്ന് പറഞ്ഞ് ഒരേ കോളേജില്‍ ചേര്‍ന്നു, മരണത്തിലും ഒപ്പം; സഹോദരങ്ങളുടെ മക്കളുടെ മരണത്തില്‍ വേദനയോടെ നാട്
രാമപുരത്ത് കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് സഹോദരങ്ങളുടെ മക്കള്‍ മരിച്ച ഞെട്ടലിലാണ് ഒരു നാട് മുഴുവന്‍. വേങ്ങര പാക്കടപ്പുറായ സ്വദേശികളായ ചെമ്പന്‍ ഹംസയുടെ മകന്‍ ഹസ്സന്‍ ഫസല്‍ (19), ചെമ്പന്‍ സിദ്ദീഖിന്റെ മകന്‍ ഇസ്മായില്‍ ലബീബ് (19) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 3.30 ഓടെ പനങ്ങാങ്ങര 38ല്‍ ആണ് അപകടം നടന്നത്.

അമിത വേഗതയില്‍ വന്ന ബസും എതിര്‍ ദിശയില്‍ നിന്നും അമിത വേഗതയില്‍ വന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

വാഹനത്തിന് അടിയിലേക്ക് തെറിച്ച് വീണ് ഹസ്സന്‍ ഫസല്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇസ്മായില്‍ ലബീബ് രാത്രി പത്തോടെയാണ് മരണത്തിന് കീഴടങ്ങിയത്.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.സഹോദരങ്ങളുടെ മക്കളും കുടുംബ സുഹൃത്തുകളുമായിരുന്ന ഇരുവരും. ഒരിക്കലും പിരിയില്ലെന്ന നിശ്ചയത്തോടെയായിരുന്നു നാട്ടില്‍നിന്ന് ദൂരെയാണെങ്കിലും രാമപുരം ജെംസ് കോളജില്‍ ഡിഗ്രിക്ക് ഈ വര്‍ഷം ഇരുവരും പഠിക്കാന്‍ ചേര്‍ന്നത്. പത്താം തരം വരെ ചേറൂര്‍ യതീംഖാന സ്‌കൂളിലും തുടര്‍ന്ന് പ്ലസ്ടുവിന് വേങ്ങര ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഒരുമിച്ച് പഠിച്ചത് ഈ ആത്മബന്ധത്തിലായിരുന്നു.

കോളജ് വിട്ടശേഷം ഒരുമിച്ച് ബൈക്കില്‍ നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്. ഒരുമിച്ച് പഠനവും കളിയും വിനോദവുമായിക്കഴിഞ്ഞ രണ്ടുപേരാണ് ഒരുമിച്ച് ജീവിതത്തില്‍നിന്നും യാത്രയായത്. നാട്ടില്‍ എല്ലാരംഗത്തും ഒരുമിച്ചുതന്നെയായിരുന്നു ഇവരെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.

രണ്ടുപേരുടെയും പിതാക്കളും പ്രവാസ ജീവിതം നിര്‍ത്തി കോയമ്പത്തൂരില്‍ ബിസിനസ് നടത്തിവരികയാണ്. പെരിന്തല്‍മണ്ണ സഹകരണ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം പാക്കടപ്പുറായ ഇരുകുളം ജുമാമസ്ജില്‍ രണ്ടുപേരുടേയും മയ്യത്ത് ഖബറടക്കും.

Other News in this category



4malayalees Recommends