ചികിത്സാപ്പിഴവിന്റെ പേരില്‍ നഴ്സുമാരെ അറസ്റ്റ് ചെയ്യരുത്; വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണമെന്ന് ഹൈക്കോടതി

ചികിത്സാപ്പിഴവിന്റെ പേരില്‍ നഴ്സുമാരെ അറസ്റ്റ് ചെയ്യരുത്; വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണമെന്ന് ഹൈക്കോടതി
ചികിത്സാ പിഴവ് ആരോപിച്ചുള്ള പരാതികളില്‍ നഴ്‌സുമാര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകരുതെന്ന് ഹൈക്കോടതി. നടപടികളുമായി മുന്നോട്ടുപോകുന്നതിന് മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥന്‍ നിഷ്പക്ഷതയുള്ള വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണമെന്നും കോടതി നിര്‍ദേശിച്ചു. ഇക്കാര്യം വ്യക്തമാക്കി മൂന്നുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു.

ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ താത്കാലിക നഴ്സായിരുന്ന യുവതിയുടെ പേരില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഉത്തരവ്. 2013-ല്‍ വയറിളക്കവും ഛര്‍ദിയും ബാധിച്ച് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച 10 വയസ്സുള്ള കുട്ടി മരിച്ച സംഭവത്തിലാണ് നഴ്‌സിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടിക്ക് ചികിത്സ നല്‍കുന്നതില്‍ വീഴ്ചയുണ്ടായി എന്നായിരുന്നു പരാതി. എന്നാല്‍ കുട്ടിയുടെ മരണത്തിനിടയായ സംഭവത്തില്‍ ആരുടെയെങ്കിലും ഭാഗത്ത് പിഴവുണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുന്നതിന് ഉത്തരവ് തടസമല്ലെന്നും കോടതി വ്യക്തമാക്കി.

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള പരാതികളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2008 ജൂണ്‍ 16-ന് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഡോക്ടര്‍ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥന്‍ നടപടിയെടുക്കുന്നതിന് മുന്‍പ് വിദഗ്ധാഭിപ്രായം തേടണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതേ സംരക്ഷണം നഴ്‌സുമാര്‍ക്കും ലഭിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.



Other News in this category



4malayalees Recommends