അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ വോട്ട് ചെയ്ത് നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍. ഒരു സാധാരണ പൗരനെ പോലെ വരി നിന്നാണ് അമേരിക്കന്‍ പ്രസിഡന്റ് വോട്ട് രേഖപ്പെടുത്തിയത്. ഒന്നും രണ്ടും മിനിട്ടല്ല, ഏറെക്കുറെ 40 മിനിട്ടോളം ബൈഡന്‍ വരി നിന്നുവെന്നാണ് അമേരിക്കയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡെലവെയറിലെ വില്‍മിങ്ടണിലെ ബൂത്തിലായിരുന്നു പ്രസിഡന്റ് വോട്ട് രേഖപ്പെടുത്തിയത്.
വോട്ട് ചെയ്യാനായി 40 മിനിറ്റോളം കാത്തുനിന്ന പ്രസിഡന്റ് വരിയില്‍ നിന്നുന്ന വോട്ടര്‍മാരുമായി കുശലം പങ്കിടുകയും ചെയ്തു. മാത്രമല്ല തന്റെ മുന്നില്‍ വീല്‍ചെയറിലിരുന്ന വയോധികയെ മുന്നോട്ട് നീങ്ങാനായി സഹായിക്കുകയും ചെയ്തു. തന്റെ തിരിച്ചറിയല്‍ രേഖ തെരഞ്ഞെടുപ്പ് പ്രവര്‍ത്തകക്ക് കൈമാറി ഫോമില്‍ ഒപ്പിട്ട ശേഷമാണ് ബൈഡന്‍ വോട്ട് ചെയ്തത്. ജോ ബൈഡന്‍ വോട്ടുചെയ്യുന്നു എന്ന് ഉദ്യോഗസ്ഥ വിളിച്ചുപറഞ്ഞ ശേഷമാണ് അമേരിക്കന്‍ പ്രസിഡന്റ് വോട്ടവകാശം വിനിയോഗിച്ചത്.
കറുത്ത തുണികൊണ്ട് മറച്ച ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ ബൈഡന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തകരോട് സംസാരിക്കുകയും ചെയ്തു. പ്രസിഡന്റ് സ്ഥാനാര്‍ഥിയായ നിലവിലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഉള്‍പ്പെടെയുള്ള ഡെമോക്രാറ്റുകള്‍ വിജയിക്കുമെന്ന് പ്രഖ്യാപിച്ച ശേഷമാണ് ബൈഡന്‍ മടങ്ങിയത്.
അതേസമയം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കേവലം ഒരാഴ്ച മാത്രമാണ് ശേഷിക്കുന്നത്. വാശിയേറിയ പോരാട്ടമാണ് ഡോണള്‍ഡ് ട്രംപും കമല ഹാരിസും കാഴ്ചവെക്കുന്നത്. പരസ്പരം വിമര്‍ശങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയുമെല്ലാം നടത്തി ഇരുപക്ഷവും മുന്നേറുമ്പോള്‍ അഭിപ്രായ സര്‍വേകളുടെ ഫലവും മാറി മറിയുകയാണ്. ഏറ്റവും ഒടുവിലായി പുറത്തുവന്ന സര്‍വെ ഫലം പറയുന്നത് ഇരുവരും തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ചാണെന്നാണ്.