തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് തെളിയിക്കാന്‍ ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടി: 19കാരന് ഗുരുതര പരിക്ക്
അമാനുഷിക ശക്തിയുണ്ടെന്ന് തെളിയിക്കാന്‍ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ പത്തൊന്പതുകാരന് ഗുരുതര പരിക്ക്. കോയമ്പത്തൂരിലെ മാലുമിച്ചാംപട്ടിക്ക് സമീപം മൈലേരിപാളയത്ത് സ്വകാര്യ എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥിയായ ഈറോട് സ്വദേശി പ്രഭു ആണ് കെട്ടിടത്തില്‍ നിന്നും ചാടിയത്. മൂന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ പ്രഭു തിങ്കളാഴ്ച്ച വൈകിട്ടാണ് കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്നും ചാടിയത്.
ഈറോഡ് ജില്ലയിലെ പെരുന്തുറയ്ക്കടുത്തുള്ള മേക്കൂര്‍ സ്വദേശിയായ പ്രഭു ബിടെക് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റ സയന്‍സ്) മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. കോളേജ് ഹോസ്റ്റലിലാണ് പ്രഭു താമസിച്ചിരുന്നത്. അമാനുഷിക ശക്തിയുണ്ടെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ അവകാശവാദം. ഇതു തെളിയിക്കാനായാണ് ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടിയത്. താഴെ വീണ് പ്രഭുവിന്റെ കാലും കയ്യും ഒടിഞ്ഞു. യുവാവിന്റെ തലയ്ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് ഇയാള്‍ സഹപാഠികളോട് പറഞ്ഞിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
ഏത് കെട്ടിടത്തില്‍ നിന്നും തനിക്ക് ചാടാന്‍ കഴിയുമെന്നും പ്രഭു സഹപാഠികളോട് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥി നാലാം നിലയില്‍ നിന്നും താഴേക്ക് ചാടിയത്. പ്രഭു കെട്ടിടത്തില്‍ നിന്ന് ചാടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച താന്‍ മന്ത്രവാദത്തിന്റെ സ്വാധീനത്തിലായിരുന്നുവെന്ന് സുഹൃത്തുക്കളോടും കൂടെ താമസിക്കുന്നവരോടും പ്രഭു പറഞ്ഞതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. തനിക്ക് മഹാശക്തിയുണ്ടെന്നും യുവാവ് പറഞ്ഞിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.