മിനിമം വേജില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പ്രഖ്യാപിച്ചതോടെ പണപ്പെരുപ്പ നിരക്കിനേക്കാള്‍ കൂടിയ നിരക്കിലുള്ള ശമ്പള വര്‍ദ്ധനയ്‌ക്കൊരുങ്ങുകയാണ് ബ്രിട്ടന്‍.
21 വയസ്സും അതിന് മുകളിലും പ്രായമുള്ളവര്‍ക്കുള്ള നാഷണല്‍ ലിവിംഗ് വേജ് നിലവിലെ 11.44 പൗണ്ട് ഏന്നതില്‍ നിന്നും മണിക്കൂറില്‍ 12.21 പൗണ്ട് ആക്കി ഉയര്‍ത്തും എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. നാഷണല്‍ ലിവിംഗ് വേജില്‍ ഉണ്ടാകുന്നത് 6.7 ശതമാനത്തിന്റെ വര്‍ദ്ധനവാണ്. ജോലിക്കാരന് പ്രതിവര്‍ഷം 1,400 പൗണ്ട് അധികമായി ലഭിക്കും. ഏകദേശം മുപ്പത് ലക്ഷത്തോളം പേര്‍ക്കു ശമ്പള വര്‍ദ്ധനവ് ഗുണം ചെയ്യും.
കൂടാതെ 18 മുതല്‍ 20 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് നാഷണല്‍ മിനിമം വേജ് നിലവിലെ 8.60 പൗണ്ടില്‍ നിന്നും മണിക്കൂറില്‍ 10 പൗണ്ട് ആയി വര്‍ദ്ധിക്കും. 16.3 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടാവുക. റെക്കോര്‍ഡ് വര്‍ദ്ധനവാണിത്. മണിക്കൂറില്‍ 1.40 പൗണ്ട് അധികമായി ലഭിക്കുമ്പോള്‍, യുവ തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 2,500 പൗണ്ട് വരെയാണ് അധികമായി ലഭിക്കുക. അപ്രന്റീസുകളുടെ വേതനം മണിക്കൂറില്‍ 6.40 പൗണ്ട് എന്നത് 7.55 പൗണ്ട് ആക്കിയും ഉയര്‍ത്തിയിട്ടുണ്ട്.
മിനിമം വരുമാനം പ്രായത്തിന്റെ മാനദണ്ഡത്തിലെന്നത് മാറ്റുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കുന്നതിന്റെ ആദ്യ പടിയായി ഈ പ്രഖ്യാപനത്തെ വിലയിരുത്താനാകും.ഭാവിയില്‍ വേതനത്തില്‍ തുല്യത കൊണ്ടുവരാനാണ് ശ്രമമെന്ന് സര്‍ക്കാര്‍ സൂചന നല്‍കുന്നു.
തൊഴിലാളികള്‍ക്ക് അനുകൂല നീക്കം കൊണ്ടുവരുമ്പോള്‍ തൊഴിലുടമകള്‍ക്ക് ഇതു വലിയ തിരിച്ചടിയാകും. വേതന വര്‍ദ്ധനവ് മാത്രമല്ല നാഷണല്‍ ഇന്‍ഷുറന്‍സിലേക്കുള്ള തൊഴിലുടമകളുടെ വിഹിതം വര്‍ദ്ധിപ്പിക്കുമ്പോഴും തൊഴിലുടമയ്ക്ക് ബാധ്യതയുണ്ടാകും. ഇത് ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ഇടവരുത്തുമെന്ന് വിദഗ്ധരും വിലയിരുത്തുന്നുണ്ട്.