ബ്രിട്ടീഷ് ചരിത്രത്തില്‍ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ വനിതയെന്ന ഖ്യാതി നേടിക്കൊണ്ട് സഭയിലെത്തുന്ന റേച്ചല്‍ റീവ്‌സ് നികുതി വര്‍ദ്ധനവുകളുമായി തീകോരിയിടുമെന്ന് ഉറപ്പായി. രാജ്യത്തെ മെച്ചപ്പെടുത്താനുള്ള വിലയായി 35 ബില്ല്യണ്‍ പൗണ്ട് വരെയുള്ള നികുതി വര്‍ദ്ധനവുകള്‍ ജനങ്ങള്‍ ഉള്‍ക്കൊള്ളണമെന്നാണ് ചാന്‍സലറുടെ ഉപദേശം.
സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ മറ്റ് എളുപ്പ വഴികളില്ലെന്ന് വ്യക്തമാക്കുന്ന ചാന്‍സലര്‍ കൂടുതല്‍ തുക പോക്കറ്റില്‍ എത്തിക്കാനും പദ്ധതിയിടുന്നു. എന്‍എച്ച്എസിലേക്കും, സ്‌കൂളുകളുടെ പുനര്‍നിര്‍മ്മാണത്തിനും, താങ്ങാവുന്ന വീടുകള്‍ നിര്‍മ്മിക്കാനും പണം നല്‍കാനാണ് റീവ്‌സ് ബജറ്റ് ഉപയോഗിക്കുക.
എന്നാല്‍ ലേബര്‍ ഗവണ്‍മെന്റ് ഇതിനകം തന്നെ വഞ്ചിച്ചെന്നും, വാക്കുകള്‍ തെറ്റിച്ചെന്നും മുന്‍ പ്രധാനമന്ത്രി ഋഷി സുനാക് വിമര്‍ശിക്കുന്നു. 50 ബില്ല്യണ്‍ പൗണ്ട് വരെ കടമെടുക്കാന്‍ സാമ്പത്തിക നയങ്ങള്‍ മാറ്റാനുള്ള റീവ്‌സിന്റെ തീരുമാനം കടുത്ത വിമര്‍ശനം ഏറ്റുവാങ്ങും.
അതേസമയം മൂന്ന് മില്ല്യണ്‍ ജോലിക്കാര്‍ക്ക് നാഷണല്‍ ലിവിംഗ് വേജ് വര്‍ദ്ധനവിലൂടെ ശമ്പളം വര്ഡദ്ധിക്കുമെന്ന് ചാന്‍സലര്‍ സ്ഥിരീകരിച്ചു. 2025 ഏപ്രില്‍ മുതല്‍ 6.7% മിനിമം വേജ് വര്‍ദ്ധനവാണ് നടപ്പാക്കുന്നതെന്ന് റീവ്‌സ് പ്രഖ്യാപിച്ചു.