ടാക്‌സ് ബോംബ് ആയിരുന്ന ബജറ്റില്‍ ചില വശങ്ങള്‍ പരിശോധിച്ചാല്‍ പ്രതീക്ഷയ്ക്കും വകയുണ്ട്. ലേബര്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ നികുതി വര്‍ദ്ധനവിലൂടെ ജനങ്ങളെ ഞെട്ടിച്ചെങ്കിലും എന്‍എച്ച്എസിന് ആശ്വാസകരമായ പ്രഖ്യാപനങ്ങളുണ്ടായി. പ്രതിദിന പ്രവര്‍ത്തനങ്ങള്‍ക്കു അനുവദിച്ചിരിക്കുന്ന തുകയില്‍ ശരാശരി 3.3 ശതമാനം വര്‍ദ്ധനവുണ്ട്. ആരോഗ്യ രംഗത്തു പ്രതിദിന ചെലവില്‍ 22.6 ബില്യണ്‍ പൗണ്ടിന്റെ വര്‍ദ്ധനവും ക്യാപിറ്റല്‍ ബജറ്റില്‍ 3.1 ബില്യണ്‍ പൗണ്ടിന്റെ വര്‍ദ്ധനവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമമുണ്ടാകുമെന്നും എന്‍എച്ച്എസ് സേവനങ്ങള്‍ മികച്ചതാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കിയിരുന്നു. ആരോഗ്യ രംഗത്ത് ജീവനക്കാര്‍ മികച്ച സേവനം നടത്തുന്നുണ്ടെങ്കിലും തെറ്റായ ദിശയിലാണ് എന്‍എച്ച്എസ് എന്നു ചാന്‍സലര്‍ തുറന്നടിച്ചിരുന്നു. എന്‍എച്ച്എസിനെ നേരെയാക്കാന്‍ ദീര്‍ഘകാല പദ്ധതിയും പ്രഖ്യാപിച്ചു. പത്തുവര്‍ഷ പദ്ധതി 2025 മുതല്‍ തുടങ്ങും. കോവിഡിന് ശേഷം ഏറ്റവും ഉയര്‍ന്ന തുകയാണ് ഇക്കുറി റേച്ചല്‍ റീവ്‌സ് പ്രഖ്യാപിച്ചത്. 22.6 ബില്യണ്‍ പൗണ്ടിന്റെ വര്‍ദ്ധനവു വരുത്തി.
അടിസ്ഥാന സൗകര്യം വികസിപ്പിക്കാന്‍ എന്‍എച്ച്എസിന് 1.5 ബില്യണ്‍ പൗണ്ടു നല്‍കും. ആശുപത്രികള്‍, പരിശോധന കേന്ദ്രം എന്നിങ്ങനെ അധിക സൗകര്യങ്ങള്‍ തുടങ്ങും. രോഗികളുടെ കാത്തിരിപ്പ് 18 ആഴ്ചയില്‍ കൂടാതിരിക്കാന്‍ നടപടികൊണ്ടുവരും.
ഓരോ വര്‍ഷവുമായി മെച്ചപ്പെടുത്തി മികച്ച സേവനം ഉറപ്പാക്കുകയാണഅ ലക്ഷ്യം. പുതിയതായി നഴ്‌സുമാരേയും കെയറര്‍മാരേയും നിയമിക്കും. പുതിയ തൊഴിലവസരങ്ങള്‍ നല്‍കും. മിനിമം വേജസ് ഉയര്‍ത്തിയതും ആശുപത്രി ജീവനക്കാര്‍ക്ക് ആശ്വാസ നീക്കമാണ്. ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന എന്‍എച്ച്എസിന് വലിയ ആശ്വാസമാകുന്ന പ്രഖ്യാപനമാണ് ചാന്‍സലര്‍ ബജറ്റില്‍ നടത്തിയിരിക്കുന്നത്.