റീവ്‌സിന്റെ ബജറ്റ് കെണിയില്‍ ആര് വീണു, ആരെല്ലാം വാണു? വിജയിച്ചവരുടെ പട്ടികയില്‍ കെയറര്‍മാരും, ജോലിക്കാരും; തിരിച്ചടി നേരിട്ടവരില്‍ ബിസിനസ്സുകാരും, ലാന്‍ഡ്‌ലോര്‍ഡ്‌സും; സ്‌റ്റേറ്റ് പെന്‍ഷന് ബംപര്‍ ഉത്തേജനം; ബെനഫിറ്റുകള്‍ക്ക് നിയന്ത്രണം

റീവ്‌സിന്റെ ബജറ്റ് കെണിയില്‍ ആര് വീണു, ആരെല്ലാം വാണു? വിജയിച്ചവരുടെ പട്ടികയില്‍ കെയറര്‍മാരും, ജോലിക്കാരും; തിരിച്ചടി നേരിട്ടവരില്‍ ബിസിനസ്സുകാരും, ലാന്‍ഡ്‌ലോര്‍ഡ്‌സും; സ്‌റ്റേറ്റ് പെന്‍ഷന് ബംപര്‍ ഉത്തേജനം; ബെനഫിറ്റുകള്‍ക്ക് നിയന്ത്രണം
40 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ദ്ധനവുകള്‍ ചുമത്തിയ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് വിശകലനം തുടരുകയാണ് സാമ്പത്തിക വിദഗ്ധര്‍. കൂട്ടിയും കിഴിച്ചും അവര്‍ നടത്തിയ പരിശോധനയില്‍ ചിലര്‍ വിജയികളായതും, മറ്റ് ചിലര്‍ തിരിച്ചടി നേരിടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കെയറര്‍മാരും, ജോലിക്കാരുമാണ് ബജറ്റില്‍ നേട്ടം കൊയ്ത പ്രധാന വിഭാഗങ്ങള്‍. അതേസമയം പുകവലിക്കാര്‍ക്കും മദ്യപന്‍മാര്‍ക്കും ബജറ്റ് ആഘാതമാണ്. ബെനഫിറ്റുകള്‍ ഉയരുമ്പോള്‍ തന്നെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും, സ്റ്റേറ്റ് പെന്‍ഷന്‍ ഉയര്‍ത്താനും റീവ്‌സ് തയ്യാറായിട്ടുണ്ട്. ഇന്‍കംടാക്‌സ് പരിധി മരവിപ്പിക്കല്‍ നിര്‍ത്തലാക്കുമെന്നും, ബെനഫിറ്റ് കരസ്ഥമാക്കാന്‍ കഴിയുന്ന കെയറര്‍മാരുടെ എണ്ണം ഉയര്‍ത്തിയതും സുപ്രധാനമായി.

14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ലേബര്‍ ബജറ്റിലെ പ്രധാന വിജയികള്‍ ഇവരാണ്:

- ജോലിക്കാര്‍: ഇന്‍കംടാക്‌സ് പരിധി മരവിപ്പിച്ച് നിര്‍ത്തിയത് നീട്ടില്ലെന്ന് ചാന്‍സലര്‍ പ്രഖ്യാപിച്ചു. 2028 വരെ ഇന്‍കംടാക്‌സ് പരിധി നിലവില്‍ മരവിപ്പിച്ച് നിര്‍ത്തിയിട്ടുണ്ട്. ഈ സമയം വരെ നികുതി നല്‍കേണ്ടതില്ലാത്ത പരിധി 12,571 മുതലാണ്.

- നാഷണല്‍ ലിവിംഗ് വേജ് അടുത്ത ഏപ്രില്‍ മുതല്‍ 11.44 പൗണ്ടില്‍ നിന്നും 12.21 പൗണ്ടിലേക്ക് വര്‍ദ്ധിപ്പിക്കും. 6.7 ശതമാനം വര്‍ദ്ധന ഫുള്‍ടൈം ജോലിക്കാര്‍ക്ക് വര്‍ഷത്തില്‍ 1400 പൗണ്ട് വരെ ഉയര്‍ത്തും.

- ഡ്രൈവര്‍മാര്‍ക്ക് ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിച്ചത് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയത് ആശ്വാസമായി. 3 ബില്ല്യണ്‍ പൗണ്ട് ചെലവിലാണ് ഈ നീട്ടല്‍. കൂടാതെ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് പ്രഖ്യാപിച്ച ലിറ്ററിന് 5 പെന്‍സ് കട്ടിംഗും തുടരും.

- കെയറര്‍ അലവന്‍സില്‍ ചാന്‍സലര്‍ പ്രഖ്യാപിച്ച മാറ്റങ്ങള്‍ 60,000 കെയറര്‍മാര്‍ക്ക് കൂടി ഗുണമേകും. കെയറര്‍ അലവന്‍സ് ലഭിക്കുന്നത് നിര്‍ത്തലാക്കുന്ന പരിധി 151 പൗണ്ടില്‍ നിന്നും നാഷണല്‍ ലിവിംഗ് വേജ് പ്രകാരം ആഴ്ചയില്‍ 16 മണിക്കൂറാക്കിയാണ് മാറ്റിയത്. വൈകല്യങ്ങള്‍ ബാധിച്ച കുട്ടികളെയും, പ്രായമായവരെയും പരിപാലിക്കുന്നവര്‍ക്കാണ് കെയര്‍ അലവന്‍സ് നല്‍കുന്നത്.

- പബ്ബുകളില്‍ ബിയര്‍ അടിക്കാന്‍ പോകുന്നവര്‍ക്ക് ആല്‍ക്കഹോള്‍ ഡ്യൂട്ടി 1.7 ശതമാനമാക്കിയത് ഗുണം ചെയ്യും.

- വീട് വാങ്ങുന്നവര്‍ക്ക് കൂടുതല്‍ വില കുറഞ്ഞ ഭവനങ്ങള്‍ ലഭ്യമാക്കുമെന്നാണ് ബജറ്റില്‍ റീവ്‌സ് സ്ഥിരീകരിച്ചിരിക്കുന്നത്. 5000 പുതിയ താങ്ങാവുന്ന വിലയിലുള്ള സോഷ്യല്‍ ഹോമുകള്‍ നിര്‍മ്മിക്കുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ നിലവിലെ സ്റ്റാമ്പ് ഡ്യൂട്ടി പരിധി ഉയര്‍ത്തിയ താല്‍ക്കാലിക നടപടി തുടരില്ലെന്ന് ചാന്‍സലര്‍ വ്യക്തമാക്കിയത് തിരിച്ചടിയായി.

- പെന്‍ഷന്‍കാര്‍ക്കുള്ള ട്രിപ്പിള്‍ ലോക്ക് തുടരുന്നതിനാല്‍ ഏപ്രില്‍ മുതല്‍ ആഴ്ചയില്‍ 230.25 പൗണ്ടായി ഇത് ഉയരുകയും, 473 പൗണ്ട് വാര്‍ഷിക വര്‍ദ്ധന കൈവരികയും ചെയ്യും.

തിരിച്ചടി ഏറ്റുവാങ്ങിയവര്‍ ഇവരാണ്:

- പുകവലിക്കാര്‍ക്ക് തിരിച്ചടി നല്‍കി സിഗററ്റ് പാക്കറ്റുകളുടെ വില ഉയര്‍ത്തുമെന്ന് ചാന്‍സലര്‍ അറിയിച്ചു. കൂടാതെ വേപ്പുകള്‍ക്ക് മേലുള്ള നികുതിയും ഉയരും.

- വൈന്‍, വിസ്‌കി, ജിന്‍ തുടങ്ങിയ മദ്യങ്ങളുടെ വില ഉയരും. ഡ്രോട്ട് ബിയറിലെ വില കുറവ് പരിഹരിക്കാന്‍ നിര്‍മ്മാതാക്കള്‍ ഈ മദ്യങ്ങള്‍ 3.6 ശതമാനം നിരക്ക് ഉയര്‍ത്തും.

- വാടകക്കാര്‍ക്ക് മറ്റൊരു ആഘാതം സമ്മാനിച്ച് 'റൈറ്റ് ടു ബൈ' ഡിസ്‌കൗണ്ട് വെട്ടിച്ചുരുക്കി. 70% വരെ കൗണ്‍സില്‍ വീടുകള്‍ക്ക് ഡിസ്‌കൗണ്ട് ലഭിക്കുമായിരുന്നത് ഇനി ഇംഗ്ലണ്ടില്‍ 102,400 പൗണ്ടായി പരിമിതപ്പെടുത്തും. വാടകയ്ക്ക് കൗണ്‍സില്‍ ഭവനങ്ങള്‍ ലഭ്യമാക്കാനാണ് ഇതെന്നാണ് പറയുന്നത്.

- ബസ് നിരക്കുകളില്‍ ഏര്‍പ്പെടുത്തിയ ക്യാപ്പ് 2 പൗണ്ടില്‍ നിന്നും 3 പൗണ്ടായി ഉയര്‍ത്തും. ഇതോടെ പതിവായി ബസില്‍ സഞ്ചരിക്കുന്നവര്‍ക്ക് പ്രതിമാസം 4 പൗണ്ട് അധിക ചെലവ് നേരിടും.

- ലാന്‍ഡ്‌ലോര്‍ഡ്‌സിന് തിരിച്ചടിയായി സ്റ്റാമ്പ് ഡ്യൂട്ടി വര്‍ദ്ധനവ് മാറും. വാടകയ്ക്ക് നല്‍കാന്‍ വാങ്ങുന്ന വീടുകള്‍ക്ക് മേല്‍ 5 ശതമാനമായി നികുതി ഉയര്‍ത്തിയിട്ടുണ്ട്.

- എംപ്ലോയറുടെ നാഷണല്‍ ഇന്‍ഷുറന്‍സ് 1.2 ശതമാനം പോയിന്റ് വര്‍ദ്ധിപ്പിച്ചത് ബിസിനസ്സുകള്‍ക്ക് തിരിച്ചടിയാകും. കൂടാതെ എന്‍ഐ നല്‍കിത്തുടങ്ങുന്ന ജീവനക്കാരുടെ ശമ്പളം പ്രതിവര്‍ഷം 9100 പൗണ്ടെന്നത് 5000 പൗണ്ടാക്കി ചുരുക്കിയിട്ടുണ്ട്. ഇത് ബിസിനസ്സുകളെയും, സ്ഥാപനങ്ങളെയും ശമ്പള വര്‍ദ്ധന നല്‍കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുമെന്നാണ് ആശങ്ക.



Other News in this category



4malayalees Recommends