അമ്മയെയും മൂന്ന് മക്കളെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി, ഭര്‍ത്താവിന്റെ മൃതദേഹം കുറച്ചകലെ, അന്ധവിശ്വാസം കാരണമുള്ള കൊല

അമ്മയെയും മൂന്ന് മക്കളെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി, ഭര്‍ത്താവിന്റെ മൃതദേഹം കുറച്ചകലെ, അന്ധവിശ്വാസം കാരണമുള്ള കൊല
ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ വീട്ടില്‍ അമ്മയെയും മൂന്ന് മക്കളെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. 45 കാരിയായ സ്ത്രീയും മൂന്ന് മക്കളുമാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ മൃതദേഹം പിന്നീട് വീട്ടില്‍ നിന്നും കുറച്ചകലെ നിര്‍മാണ സ്ഥലത്തു നിന്ന് കണ്ടെത്തി. ഇയാള്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മന്ത്രവാദിയുടെ നിര്‍ദേശ പ്രകാരമാണോ കൊലപാതകം നടത്തിയതെന്ന് പൊലീസിന് സംശയമുണ്ട്.

വാരാണസിയിലെ ഭദൈനി പ്രദേശത്തെ ജനങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് കൂട്ട കൊലപാതക വാര്‍ത്ത വന്നത്. രാജേന്ദ്ര ഗുപ്തയുടെ വീട് ഇന്നലെ രാവിലെ ഏറെ വൈകിയിട്ടും തുറക്കാതിരുന്നതോടെ വീട്ടുജോലിക്കാരി വീടിനുള്ളില്‍ കയറി നോക്കി. നീതു (45), മക്കളായ നവേന്ദ്ര (25), ഗൗരംഗി (16), ശുഭേന്ദ്ര ഗുപ്ത (15) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടത്. രാജേന്ദ്ര ഗുപ്ത വീട്ടില്‍ ഉണ്ടായിരുന്നില്ല. മണിക്കൂറുകള്‍ക്ക് ശേഷം ഇയാളെയും മരിച്ച നിലയില്‍ കണ്ടെത്തി.

കുടുംബ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അയല്‍വാസികള്‍ പറഞ്ഞതായി മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ഗൗരവ് ബന്‍സ്വാള്‍ അറിയിച്ചു. നേരത്തെ ചില കേസുകളില്‍ പ്രതിയായിരുന്ന രാജേന്ദ്ര ഗുപ്ത ജാമ്യത്തിലിറങ്ങിയാണ് കുടുംബത്തെ കൊലപ്പെടുത്തിയത്. പത്തോളം വീടുകള്‍ രാജേന്ദ്ര ഗുപ്തയ്ക്ക് സ്വന്തമായുണ്ട്. സ്വത്ത് തര്‍ക്കമാണോ കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഉറങ്ങിക്കിടക്കുമ്പോഴാണ് അമ്മയ്ക്കും മക്കള്‍ക്കും വെടിയേറ്റതെന്നാണ് സൂചന. പിസ്റ്റള്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. വെടിയുണ്ടകള്‍ കണ്ടെടുത്തു.

അച്ഛനെ കൊലപ്പെടുത്തിയെന്ന് ഉള്‍പ്പെടെയുള്ള പരാതികള്‍ രാജേന്ദ്ര ഗുപ്തക്കെതിരെയുണ്ട്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു കൊലപാതകം. നീതു ഗുപ്തയുടെ രണ്ടാം ഭാര്യയാണ്. ഇവര്‍ തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഒരു വര്‍ഷത്തിലേറെയായി വേറെയാണ് താമസം. ഗുപ്തയ്ക്ക് ചില അന്ധവിശ്വാസങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends