അടുത്ത വര്‍ഷം മുതല്‍ വിവാഹത്തിനു മുമ്പ് ജനിതക പരിശോധന യുഎഇയില്‍ മുഴുവന്‍ നിര്‍ബന്ധമാക്കും
അടുത്ത വര്‍ഷം ജനുവരി മുതല്‍, വിവാഹിതരാവാന്‍ ആഗ്രഹിക്കുന്ന എല്ലാ യുഎഇ പൗരന്മാര്‍ക്കും വിവാഹപൂര്‍വ സ്‌ക്രീനിംഗ് പ്രോഗ്രാമിന്റെ അനിവാര്യമായ ഘടകമാക്കി ജനിതക പരിശോധന മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.
അബുദാബിയില്‍ നടന്ന ഒരു പരിപാടിയില്‍ രാജ്യത്തിന്റെ ജീനോം പ്രോഗ്രാമിനെക്കുറിച്ച് വിശദീകരിക്കവെ അബുദാബിയിലെ ആരോഗ്യവകുപ്പ് അണ്ടര്‍സെക്രട്ടറി ഡോ.നൂറ അല്‍ ഗൈതി യാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019 ലാണ് യുഎഇ അതിന്റെ ജീനോം പ്രോഗ്രാം ആരംഭിച്ചത്. 2021 ല്‍, ശെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദിന്റെ നേതൃത്വത്തില്‍ യുഎഇ ജീനോം കൗണ്‍സില്‍ സ്ഥാപിതമായി. ഇനി മുതല്‍ എല്ലാ യുഎഇ പൗരന്‍മാരുടെയും വിവാഹത്തിനു മുമ്പുള്ള പരിശോധനാ പരിപാടിയുടെ ഒരു പ്രധാന ഭാഗമായിരിക്കും ജനിതക പരിശോധനയെന്നും അവര്‍ അറിയിച്ചു. 2025 ജനുവരി മുതല്‍ രാജ്യത്തുടനീളം വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന പൗരന്മാര്‍ നിര്‍ബന്ധമായും ജനിതക പരിശോധനയ്ക്ക് വിധേയരാവേണ്ടി വരുമെന്നും അവര്‍ പറഞ്ഞു.
യു എ ഇയിലെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും വിവാഹത്തിനു മുമ്പുള്ള മെഡിക്കല്‍ പരിശോധന നിര്‍ബന്ധമായിരുന്നെങ്കിലും, ജനിതക പരിശോധന നടത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ദമ്പതികള്‍ക്ക് അവസരം നല്‍കിയിരുന്നു. എന്നാല്‍ അടുത്ത ജനുവരി മുതല്‍ പരിശോധന വേണ്ടെന്നു വയ്ക്കാന്‍ അവര്‍ക്ക് അവസരമുണ്ടാവില്ല.